ന്യൂഡല്‍ഹി: പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികള്‍ സ‌ര്‍ക്കാര്‍ ഉടനടി കൈക്കൊണ്ടില്ലെങ്കില്‍ ദാരുണമായ ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഇനിയും ഉണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍. താന്‍ ഇതിനു മുമ്പും ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്ര സര്‍‌ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് അന്നത്തെ തന്റെ റിപ്പോര്‍ട്ട് അട്ടിമറിച്ചുവെന്നും ഗാഡ്ഗില്‍ ആരോപിച്ചു. കേരളത്തില്‍ പ്രളയഭീഷണി ഉണ്ടാകുന്നതിനും വളരെ മുമ്പ്, 2011 ലാണ് തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അതിതീവ്ര മഴയും പശ്ചിമഘട്ടത്തെ പരിധിയില്‍ കവിഞ്ഞ് ചൂഷണം ചെയ്തതും ഇന്ന് കേരളം നേരിടുന്ന ദുരന്തങ്ങള്‍ക്കു കാരണമായതായും ഗാഡ്ഗില്‍ വ്യക്തമാക്കി.

രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു കേന്ദ്ര സ‌ര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ലക്ഷ്യമെന്നും കാലാവസ്ഥാ മാറ്റത്തിനൊപ്പം പ്രകൃതി ചൂഷണം കൂടി ഒത്തുച്ചേര്‍ന്നപ്പോഴാണ് കേരളത്തില്‍ സംഭവിക്കുന്നതു പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നതെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പ്രോജക്ടുകള്‍ പോലുള്ള പദ്ധതികള്‍ വേണമോ എന്ന് കേരളം ആത്മാര്‍ത്ഥമായും ചിന്തിക്കണമെന്നും കുറച്ച്‌ സമയം ലാഭിക്കുന്നതിനു വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നത് എന്തിനാണെന്നും ഗാഡ്ഗില്‍ ചോദിച്ചു.