ബീജിംഗ്: കഴിഞ്ഞ ആഗസ്റ്റില്‍ ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തി ചൈന. അതേ സമയം ഹൈപ്പര്‍സോണിക് മിസൈല്‍ അടങ്ങുന്ന റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്ബ് കടലില്‍ വീണതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ വിഷയത്തില്‍ ചൈനീസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നെന്നും ഹൈപ്പര്‍ സോണിക് മിസൈല്‍ നിര്‍മ്മാണ മേഖലയില്‍ ചൈനയുടെ അതിവേഗത്തിലുള്ള പുരോഗതിയില്‍ അവര്‍ക്ക് ആശങ്കയുണ്ടെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍,​ മണിക്കൂറില്‍ 6,200 കിലോമീറ്ററാണ് ഹൈപ്പര്‍സോണിക് മിസൈലിന്റെ വേഗം. ചൈനയെ കൂടാതെ യു.എസ് ,​ റഷ്യയുള്‍പ്പെടെ കുറഞ്ഞത് 5 രാജ്യങ്ങളെങ്കിലും ഹൈപ്പര്‍ സോണിക് മിസൈല്‍ വികസന ഗവേഷണങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ്.