തായ്‌പേയ്: ദക്ഷിണ തായ്‌വാനില്‍ 13 നില കെട്ടിടത്തിന് തീപിടിച്ച്‌ 25 പേര്‍ വെന്തുമരിച്ചു. അപകടത്തില്‍ അമ്ബതിലധികം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെ കൗഹ്‌സ്യൂങ് സിറ്റിയിലായിരുന്നു അപകടം. 79 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും 159 സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ രക്ഷാദൗത്യത്തിന്റെ ഫലമായി 67 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. 40 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. താഴത്തെ നിലകളില്‍ വ്യാപാര സ്ഥാപനങ്ങളും മുകളിലെ നിലകളില്‍ അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന് തീപടര്‍ന്ന് തുടങ്ങിയപ്പോഴേക്കും താഴത്തെ നിലകള്‍ പൂര്‍ണമായും ഇരുട്ടിലായിരുന്നു. എങ്ങനെയാണ് കെട്ടിടത്തിന് തീപിടിച്ചത് എന്ന കാര്യത്തിലും വ്യക്തതയില്ല. ഭൂമിക്കടിയിലായി കെട്ടിടത്തിന് രണ്ട് നിലകളുണ്ട്. നാളുകളായി രണ്ടിലും ആള്‍സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.