രാജ്യത്തിനു വേണ്ടി തന്റെ ജീവന്‍ ബലി നല്‍കിയ ധീര സൈനികന്‍ വൈശാഖിന് വീരോചിത യാത്രയയപ്പ് നല്‍കി കുടവട്ടൂര്‍. പൂഞ്ചില്‍ പാകിസ്ഥാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ മൃതശരീരം ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ സംസ്കരിച്ചു. തിരുവനന്തപുരത്തെ പാങ്ങോട് സൈനിക ക്യാമ്ബില്‍ നിന്ന് വിലാപയാത്രയായാണ് വൈശാഖിന്റെ ഭൗതികശരീരം ജന്മസ്ഥലമായ കുടവട്ടൂരില്‍ എത്തിച്ചത്. വൈശാഖ് പഠിച്ച കുടവട്ടൂര്‍ എല്‍ പി സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് ഭൗതികശരീരം വീട്ടിലേക്ക് മാറ്റിയത്. അപ്പോഴേക്കും ആയിരങ്ങളാണ് അന്ത്യയാത്ര നല്‍കുന്നതിനായി വൈശാഖിന്റെ വീട്ടുവളപ്പിലേക്ക് ഒഴുകിയെത്തിയത്.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു. പിന്നാലെ സൈന്യത്തിലെ സഹപ്രവര്‍ത്തകര്‍ ഔദ്യോഗിക യാത്രാമൊഴി നല്‍കിയശേഷം ഭൗതികശരീരം സംസ്ക്കരിച്ചു.

പൂഞ്ചില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. വൈശാഖിനെ കൂടാതെ ജൂനീയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ജസ്‌വീന്ദര്‍ സിംഗ്, മന്‍ദ്ദീപ് സിംഗ്, ഗജ്ജന്‍ സിംഗ്, സരാജ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.