ന്യൂഡല്‍ഹി: ലഡാക്കിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കരസേനാ മേധാവി എം എം നരവണെ. നിയന്ത്രണരേഖക്ക് സമീപം ചൈന ടെന്റുകള്‍ നിര്‍മിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചൈന ആക്രമണത്തിന് വന്നാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും കരസേനാ മേധാവി അറിയിച്ചു. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ദ്വിദിന സന്ദര്‍ശനത്തിനായാണ് എം എം നരവണെ ലഡാക്കിലെത്തിയത്.

പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ചും കരസേനാ മേധാവി വിശദീകരിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ പാകിസ്താന്‍ രണ്ട് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യം കര്‍ശന ജാഗ്രത പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്നും കരസേനാ മേധാവി വ്യക്തമാക്കി.