പി.പി.ചെറിയാന്‍

വാഷിങ്ടൻ ∙ ലിൻവുഡ് ഗ്യാസ് സ്റ്റേഷനിൽ മോഷണ ശ്രമത്തിനിടെ ഇന്ത്യൻ വംശജനും ഗ്യാസ് സ്റ്റേഷൻ ജീവനക്കാരനുമായ തേജ്പാൽ സിങ് (60) അക്രമിയുടെ വെടിയേറ്റ് മരിച്ചു. സെപ്റ്റംബർ 27ന് രാവിലെ 5.40നാണ് സംഭവം. ഗ്യാസ് സ്റ്റേഷനിലേക്ക് വന്ന അക്രമി യാതൊരു പ്രകോപനവുമില്ലാതെ സ്റ്റോറിലെ ജീവനക്കാരനായ തേജ്പാലിനു നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായി കൗണ്ടി ഷെറിഫിന്റെ ഓഫീസ് പറഞ്ഞു. കൃത്യത്തിനു ശേഷം പ്രതി സ്ഥലത്തുനിന്നും ഓടി മറിഞ്ഞു.

1986ൽ ജലന്തറിൽ നിന്നാണ് തേജ്പാൽസിങ് അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. വളരെ വിശ്വസ്ഥനും കഠിനാധ്വാനിയുമായിരുന്നു തേജ്പാൽ സിങ് എന്ന് സുഹൃത്തുക്കൾ പറഞ്ഞു. അദ്ദേഹത്തിന്റെ തമാശകൾ എല്ലാവരും ആസ്വദിച്ചിരുന്നുവെന്നും അവർ സ്മരിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911ൽ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

ഗ്യാസ് സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ചിത്രം പൊലീസ് മാധ്യമങ്ങൾക്ക് നൽകി. തേജ്പാൽ സിങ്ങിന്റെ കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി പേജ് തുറന്നിരുന്നു. 60,215 ഡോളർ ലഭിച്ചപ്പോൾ അത് നിർത്തുകയും ചെയ്തു. തേജ്പാലിന്റെ സംസ്ക്കാര ചടങ്ങുകൾക്ക് ഈ തുക ഉപയോഗിക്കും.