ന്യൂയോര്‍ക്ക് ∙ പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം എൽമോന്റിലുള്ള കേരള സെന്റർ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വർണോജ്വലമായി നടന്നു. ലിൻഡ കോയിത്തറയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടികൾ, പ്രസിഡന്റ് ഷൈലപോൾ, സെക്രട്ടറി ഉഷ ഷാജി, പിറവം സംഗമം രക്ഷാധികാരി റവ. എപ്പിസ്കോപ്പ ഫാ. ചെറിയാൻ നീലാങ്കൽ എന്നിവർ തിരികൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.

25 വർഷം പൂർത്തിയാകുന്ന വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ സംഗമം സ്നേഹത്തിന്റെയം ഒത്തുരുമയുടെയും കൂടിചേരൽ ആകുന്നതിൽ സന്തോഷമുണ്ട്. ഇത്തവണ പുതു തലമുറയുടെ കൂടുതൽ പങ്കാളിത്തം പിറവം സംഗമത്തിന് പ്രചോദനം നൽകുന്നതാണ്. ഇക്കൂറി പിറവത്തു നിരാലംബരായ ഒരു കുടുംബത്തിന് വീട് വച്ചുകൊടുക്കാൻ തീരുമാനിച്ചതിന്റെ ഫണ്ട് റെയിസിങ്‌ ഈ പിറവം സംഗമത്തോടെ പൂർത്തിയാകാൻ കഴിഞ്ഞതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും ഷൈല പോൾ പറഞ്ഞു.

അമേരിക്കയിൽ ജീവിക്കുന്ന പിറവത്തുള്ള നിവാസികൾ ഇപ്പോഴും നാടിനോട് സ്നേഹവും മഹിമയും പുലർത്തുന്നവരാണെന്നു പിറവം അസോസിയേഷന്റെ രക്ഷാധികാരി റവ. ഫാ. ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പ പറഞ്ഞു. പിറവത്തു എന്തുണ്ട് പരിപാടിയിൽ പങ്കെടുത്തു മനോഹർ തോമസ് നാടിന്റെ സാംസ്‌കാരിക പൈതൃക മഹിമയെക്കുറിച്ചും സാഹിത്യ കലാരംഗത്തു അകാലത്തിൽ നാടിനു നഷ്ടപെട്ട ദേവൻ കക്കാട്, പിറവം മേരി ഉൾപ്പെടെ പ്രശസ്തരായ നാടക സിനിമ അഭിനേതാക്കളെ ഓർമിപ്പിച്ചു. നമ്മുടെ നാട്ടിലെ ദേവാലയങ്ങൾ അനുഗ്രഹ കലവറകളെന്നും പറഞ്ഞു.