മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്റെ രാജിയിൽ കെപിസിസി പ്രസിഡന്റുമായി ആദ്യം സംസാരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം താരിഖ് അൻവർ. അതിന് ശേഷം ആവശ്യമെങ്കിൽ സുധീരനുമായി സംസാരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത രണ്ട് ദിവസം തിരുവനന്തപുരത്ത് മുതിർന്ന നേതാക്കളുമായെല്ലാം ചർച്ച നടത്തുമെന്നും താരിഖ് അൻവർ അറിയിച്ചു.

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കെപിസിസി മുൻ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ചത്. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരൻ കെപിസിസി പ്രസി‍ഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരന്‍റെ രാജി.

അതേസമയം മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരന്റെ രാജി നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. രാജി വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണെന്നും, സുധീരനുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ടെന്നും എന്നാൽ പലരും എത്താറില്ല എന്നതാണ് തന്റെ പ്രശ്നമെന്നും സുധാകരൻ പറ‍ഞ്ഞു. വിഎം സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനുമൊന്നും പ്രതികരിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ട്. രണ്ടു തവണ വിളിച്ചിരുന്നു, വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് കെ സുധാരൻ വ്യക്തമാക്കി.