ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയ സ്‌നേഹ ദുബെയെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ തിരയുന്നത്. യുഎന്നിലെ ഇന്ത്യൻ സെക്രട്ടറിയായ സ്‌നേഹ ദുബെയുടെ പ്രസംഗം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ച് എത്തിയത്. സ്‌നേഹയുടെ പാകിസ്താനെതിരായ ശക്തമായ വാക്കുകൾ ട്വിറ്ററിൽ ട്രെൻഡിംഗായി മാറി.

‘നിങ്ങളെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 2012 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവ്വീസ് ഓഫീസറാണ് സ്‌നേഹ ദുബെ. ജെഎൻയുവിൽ നിന്ന് ഇന്റർ നാഷണൽ റിലേഷനിൽ എംഫിൽ നേടിയിട്ടുണ്ട്. 12 വയസ്സുമുതലുള്ള ആഗ്രഹമാണ് ഐഎഫ്എസ് ഓഫീസറാവണമെന്നത് സ്‌നേഹ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 2011ലെ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷ പാസാവുകയും ചെയ്തു.

ആദ്യം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു സ്‌നേഹയ്‌ക്ക് നിയമനം. പിന്നീട് മാഡ്രിഡിലെ ഇന്ത്യൻ എംബസിയിലേക്ക് മാറി. ഇതിന് ശേഷമാണ് യുഎന്നിലെ ഇന്ത്യൻ സെക്രട്ടറിയാകുന്നത്. പാക് ഭീകരതയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയാണ് സ്‌നേഹ ദുബെ ഇന്ന് ചർച്ചാവിഷയമായത്. കശ്മീർ വിഷയം, താലിബാനുള്ള പിന്തുണ, ആഗോള തലത്തിലെ ഇസ്ലാമോഫോബിയ തുടങ്ങിയവയായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗത്തിലെ ഉള്ളടക്കം.

എന്നാൽ പാകിസ്താൻ തീവ്രവാദം വളർത്തുകയാണെന്ന് സ്‌നേഹ ദുബെ ആഞ്ഞടിച്ചു. ഭീകരർ സ്വതന്ത്രമായി നടക്കുന്ന രാജ്യമാണ് പാകിസ്താൻ എന്നായിരുന്നു സ്‌നേഹയുടെ പ്രതികരണം. രാജ്യത്തെ വർഗ്ഗീയ സംഘർഷങ്ങൾ ഭീകരവാദ പ്രവർത്തനങ്ങളായി മാറുകയാണ്. പാക് നേതാക്കൾ ഇന്ത്യയെ കുറിച്ച് വ്യാജപ്രചാരണം നടത്തി ലോകത്തെ കബളിപ്പിക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം പാകിസ്താനില്ലെന്നും സ്‌നേഹ മുന്നറിയിപ്പ് നൽകി.

പാകിസ്താന്റെ സമീപനം തീ കെടുത്തുന്നവനെന്ന് വിശേഷിപ്പിച്ച് പുരയ്‌ക്ക് തീയിടുന്ന പോലെയാണ്. അയൽ രാജ്യങ്ങളെ മാത്രമെ നശിപ്പിക്കു എന്ന് കരുതിയാണ് പാകിസ്താൻ ഭീകരരെ വളർത്തുന്നത്. എന്നാൽ അവരുടെ നയങ്ങൾ കാരണം ലോകം ബുദ്ധിമുട്ടുകയാണ്. ഒസാമ ബിൻ ലാദന് പോലും അഭയം നൽകിയ രാജ്യമാണ് പാകിസ്താൻ. ഇന്നും രക്തസാക്ഷിയാണെന്ന് പറഞ്ഞ് അയാളെ ആദരിക്കുകയാണെന്നും സ്‌നേഹ വിമർശിച്ചിരുന്നു.