മന്ത്രി വി എന്‍ വാസവന്‍ കോട്ടയം താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി. താഴത്തങ്ങാടി പള്ളിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പാലാ ബിഷപ്പിന്റെ പരാമര്‍ശത്തിലുണ്ടായ വേദന മന്ത്രിയോട് പങ്കുവച്ചെന്ന് ഇമാം പ്രതികരിച്ചു. നാര്‍കോട്ടിക് ജിഹാദ് വിവാദത്തിന് പിന്നാലെ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍ അനുകൂല പ്രസ്താവന നടത്തിയിരുന്നു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് മന്ത്രി വി എന്‍ വാസവന്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഇമാം ഷംസുദ്ദീന്‍ മന്നാനി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇമാമിനെ സന്ദര്‍ശിച്ചത്. മന്ത്രിയുടെ പ്രസ്താവന ഒരു വിഭാഗത്തെ വേദനിപ്പിച്ചെന്നും സാഹചര്യങ്ങള്‍ രൂക്ഷമാക്കിയെന്നും നേരത്തെ താഴത്തങ്ങാടി ഇമാം പ്രതികരിച്ചിരുന്നു.

ബിഷപ്പ് വിവാദത്തിനടിസ്ഥാനമായ ഇത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും കോട്ടയം മുസ്ലിം ഐക്യവേദി അധ്യക്ഷന്‍ കൂടിയായ ഇമാം പറഞ്ഞിരുന്നു. വിഷയത്തില്‍ സമവായ ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്ത ഇമാം വൈകാരിക പ്രകടനങ്ങളും പോര്‍വിളികളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും താഴത്തങ്ങാടി ഇമാം പറഞ്ഞു.