ന്യൂഡല്‍ഹി: ഇന്ത്യ, ചൈന, യുകെ, യുഎസ് തുടങ്ങി പന്ത്രണ്ട് രാജ്യങ്ങളുടെ അംബാസഡര്‍മാരെ നേപ്പാള്‍ സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. ഒലി സര്‍ക്കാര്‍ നിയമിച്ച ഈ അംബാസഡര്‍മാരോട് ഉടന്‍ തിരിച്ചുവരാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി . പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ഡ്യുബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഒലി സര്‍ക്കാര്‍ നിയമിച്ച എല്ലാ അംബാസഡര്‍മാരെയും നീക്കം ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. സര്‍ക്കാര്‍ വക്താവ് ജ്ഞാനേന്ദ്ര ബഹാദൂര്‍ കാര്‍ക്കിയാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.

ഒലി സര്‍ക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലെയും അംബാസഡര്‍മാരോട് മടങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ നിലമ്ബര്‍ ആചാര്യ, ചൈനീസ് അംബാസഡര്‍ മഹേന്ദ്ര ബഹാദൂര്‍ പാണ്ഡെ, അമേരിക്കയിലെ അംബാസഡര്‍ യുവരാജ് ഖതിവാഡ, ബ്രിട്ടന്റെ അംബാസഡര്‍ ലോക്ദര്‍ശന്‍ റെഗ്മി ഉള്‍പ്പെടെ 15 ഓളം രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കാണ് ഇതോടെ അവരുടെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടത്. ജപ്പാനിലെ നേപ്പാള്‍ അംബാസഡര്‍ പ്രധാനമന്ത്രി ഡ്യുബയുടെ ഭാര്യാ മാതാവാണ് എന്നതും ശ്രദ്ധേയമാണ്. ഇവരെ നിയമിച്ചതും ഒലി സര്‍ക്കാരിന്റെ കാലത്താണ്.

പുതിയ ഭരണഘടനയില്‍ ഇന്ത്യയുടെ ന്യായമായ ആശങ്കകളും നിര്‍ദ്ദേശങ്ങളും അവഗണിക്കരുതെന്ന് വിദേശ കാര്യ മന്ത്രി ജയ്ശങ്കര്‍ നേപ്പാള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 2015 സെപ്റ്റംബര്‍ 20 ന്, പുതിയ ഭരണഘടനയുടെ പ്രഖ്യാപനത്തിന് ഏതാനും ദിവസം മുമ്ബ്, നേപ്പാളിന്റെ രാഷ്‌ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യ അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയ്ശങ്കറിനെ കാഠ്മണ്ഡുവിലേക്ക് അയച്ചിരുന്നു. ഈ സമയത്താണ് ഇന്ത്യയുടെ ആശങ്കകളും നിര്‍ദ്ദേശങ്ങളും നേപ്പാള്‍ സര്‍ക്കാരിനെ അറിയിച്ചത്.

ഒലി ഭരണകൂടം വന്നതിന് ശേഷം ഇന്ത്യയുമായുള്ള നേപ്പാള്‍ ബന്ധത്തിന് ചില വിള്ളലുകള്‍ സംഭവിച്ചു . ചൈനയുമായി രഹസ്യബന്ധമുണ്ടാക്കി ഇന്ത്യയ്‌ക്കെതിരെ തിരിയാനും ഒലി സര്‍ക്കാരിന് ആഗ്രഹമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതും വിവാദത്തിലായിരുന്നു. ഇതിനെതിരെയും ഇന്ത്യ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പിന്നീടുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് നേപ്പാളില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി. കെ.പി ഒലിയുടെ രാജി ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തന്നെ രംഗത്തെത്തി.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് കെ.പി ശര്‍മ ഒലി രാജിവച്ച ഒഴിവിലേക്ക് നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി ഷേര്‍ ബഹദുര്‍ ഡ്യുബ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.