തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മഹത്തായ സ്ഥാനമാണ് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയ്ക്കുള്ളതെന്നും തൂലിക പടവാളാക്കിയ സ്വദേശാഭിമാനിയെപ്പോലുള്ള ധീര പോരാളികളുടെ സമര ചരിത്രവും ജീവിത ചരിത്രവും ഗവേഷകര്‍ക്കും ചരിത്രാന്വേഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുമെന്നും പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച്‌ പുരാവസ്തു വകുപ്പ് നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം എന്ന പേരില്‍ സംസ്ഥാനത്തുടനീളം 75 കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച്‌ പുരാരേഖാ വകുപ്പ് ചരിത്ര രേഖാ പ്രദര്‍ശനവും സെമിനാറുകളും സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യം ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങള്‍ക്കും പുരോഗതിക്കും പിന്നില്‍ ജീവത്യാഗത്തിന്റെ വലിയ സംഭാവനകളുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചരിത്ര പുരുഷന്മാരെ ഓര്‍ക്കുകയും ആദരിക്കുകയും അവരുടെ ജീവചരിത്രം വരുംതലമുറയ്ക്ക് കാട്ടിക്കൊടുക്കേണ്ടതും ഉത്തരവാദിത്തബോധമുള്ള സര്‍ക്കാരിന്റെ കടമയാണ്.

അതിന്റെ ഭാഗമായി 75 വര്‍ഷം പിന്നിടുന്ന സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും സ്വാതന്ത്ര്യത്തിന്റെ ചരിത്രം ജനങ്ങളിലേക്കെത്തിക്കാനും സ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളികളുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനവും അവരുടെ ജീവചരിത്രവും സമൂഹത്തിനു മുന്നില്‍ എത്തിക്കാനുമുള്ള പരിപാടിക്കാണ് പുരാവസ്തു വകുപ്പ് രൂപം കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയ്ക്കകം വടക്കേനട ശ്രീപാദം കൊട്ടാരത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ എസ്. ജാനകി അമ്മാള്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, മ്യൂസിയം-മൃഗശാലാ വകുപ്പ് ഡയറക്ടര്‍ എസ്. അബു, പുരാവസ്തു വകുപ്പ് ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് ആര്‍ രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.