ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ദ്വീപ് രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്നത് വിശദീകരിച്ച്‌ ഇന്ത്യ. ആഗോള കാലാവസ്ഥാ വ്യതിയാന ചര്‍ച്ചയില്‍ ടി.എസ്.തിരുമൂര്‍ത്തി യാണ് ചെറുരാജ്യങ്ങളെ സഹായിക്കുന്ന പദ്ധതി വിശദീകരിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥാ വിഭാഗത്തിന്റെ ന്യൂയോര്‍ക്കിലെ യോഗത്തിലാണ് സ്ഥിരം പ്രതിനിധിയായ തിരുമൂര്‍ത്തി ഇന്ത്യ എടുക്കുന്ന മുന്‍കരുതലുകളെപ്പറ്റി വിശദമാക്കിയത്. കാലാവസ്ഥാ ഉപദേശക സമിതിയുടെ യോഗമാണ് നടന്നത്.

കാലാവസ്ഥ വ്യതിയാനത്തിലൂടെയുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനും മുന്‍കൂട്ടി വിവരങ്ങള്‍ മനസ്സിലാക്കാനും രാജ്യങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനം ചര്‍ച്ചചെയ്യപ്പെട്ടു. ഇതില്‍ സുഡാനിലും മൗറീഷ്യസിലും ഇന്ത്യ മുന്‍കൈ എടുത്ത് ചെയ്യുന്ന സാങ്കേതിക സൗകര്യ വികസനവും തിരുമൂര്‍ത്തി വിശദീകരിച്ചു. 2019ല്‍ നരേന്ദ്രമോദി തുടങ്ങിവെച്ച പദ്ധതിയുടെ ഗുണഫലം രാജ്യങ്ങള്‍ അനുഭവിച്ചു തുടങ്ങിയെന്നും തിരുമൂര്‍ത്തി പറഞ്ഞു. മൊറീഷ്യസ്, സുഡാന്‍, ഫിജി, മംഗോളിയ എന്നീ പ്രദേശങ്ങളിലാണ് സി.ഡി.ആര്‍. ഐ സാങ്കേതിക സഹകരണം നടപ്പാക്കിയതെന്നും ഇന്ത്യ ഐക്യരാഷ്‌ട്ര സഭയെ ധരിപ്പിച്ചു.

സി.ഡി.ആര്‍.ഐ വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍, യു.എന്‍. ഏജന്‍സികള്‍, വിവിധ ബാങ്കുകള്‍, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഒരുമിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനമാണെന്നും തിരുമൂര്‍ത്തി വ്യക്തമാക്കി.