തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കോവിഡ് അവധി ഏഴ് ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ്, ക്വാറന്റീന്‍ സ്പെഷല്‍ കാഷ്വല്‍ ലീവാണ് ഏഴ് ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരും പൊതുഅവധികള്‍ ഉള്‍പ്പെടെ 7 ദിവസം കഴിഞ്ഞു ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാല്‍ ഓഫിസില്‍ ഹാജരാകണം. ആരോഗ്യ വകുപ്പിന്റെയോ തദ്ദേശ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 7 ദിവസം പ്രത്യേക കാഷ്വല്‍ അവധി അനുവദിക്കും.

കോവിഡ് ഗുരുതരമായി ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവരുന്ന ജീവനക്കാര്‍ക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ ചികിത്സാ കാലയളവ് മുഴുവന്‍ സ്പെഷല്‍ കാഷ്വല്‍ ലീവ് അനുവദിക്കും.

കോവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായ ജീവനക്കാര്‍ കഴിഞ്ഞ 3 മാസത്തിനിടയില്‍ കോവിഡ് മുക്തരായവരാണെങ്കില്‍ ക്വാറന്റീന്‍ വേണ്ട. ഇവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചും രോഗലക്ഷണം ഉണ്ടോയെന്നു സ്വയം നിരീക്ഷിച്ചും ഓഫിസില്‍ ഹാജരാകണം; രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

കോവിഡ് ബാധിച്ചാല്‍ 14 ദിവസം സ്‌പെഷല്‍ കാഷ്വല്‍ ലീവും സമ്പര്‍ക്കമുള്ളവരുടെ ക്വാറന്റീന് 7 ദിവസം സ്‌പെഷല്‍ കാഷ്വല്‍ ലീവും എന്നതായിരുന്നു ഇതുവരെയുള്ള നിര്‍ദ്ദേശം.