കൊച്ചി : ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ എക്സൈസ് കമ്മീഷണര്‍ മറുപടി പറയേണ്ടി വരുമെന്ന് ഹൈക്കോടതി. മദ്യശാലകളിലെ തിരക്ക് പരിഗണിച്ച്‌ കോടതി സ്വമേധയ കേസ് എടുത്ത് പരിഗണിക്കുമ്ബോഴാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അവരെ കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കേസ് പരിഗണിക്കുമ്ബോള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കോടതി ഇന്നും ആവര്‍ത്തിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത എത്ര മദ്യശാലകള്‍ പൂട്ടിയെന്ന ചോദ്യത്തിന് 96 എണ്ണത്തില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്ന് ബെവ്കോ അറിയിച്ചു. ബാക്കിയുള്ളവയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തീരുമാനമെന്നും വ്യക്തമാക്കി. മദ്യവില്‍പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്സൈസ് കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.