ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തില്‍ ലോകാരോ​ഗ്യസംഘടനയുടെ (WHO) അഭിനന്ദനം ഏറ്റുവാങ്ങി ഇന്ത്യ . രാജ്യത്തെ ആകെ കോവിഡ് വാക്സിനേഷന്‍ 75 കോടി കടന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോ​ഗ്യസംഘടന ഇന്ത്യയെ പ്രശംസിച്ചത്. ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ് ആണ് കോവിഡ് വാക്സിന്‍ വിതരണത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് 75 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത നിര്‍ണായക നേട്ടത്തെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

‘ആദ്യത്തെ 10 കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ 85 ദിവസമെടുത്തപ്പോള്‍, ഇന്ത്യ വെറും 13 ദിവസത്തിനുള്ളില്‍ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 65 കോടിയില്‍ നിന്ന് 75 കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നുവെന്ന് ഡോ.പൂനം ഖേത്രപാല്‍ ട്വീറ്റ് ചെയ്തു. 75,22,38,324 പേര്‍ രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

ആറ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ മുതിര്‍ന്നവര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എങ്കിലും ലഭിച്ച പശ്ചാത്തലത്തിലാണ് WHO അം​ഗീകാരവും രാജ്യത്തെ തേടിയെത്തിയത്. സിക്കിം, ഹിമാചല്‍ പ്രദേശ്, ​ഗോവ, ദാദ്ര, നഗര്‍ ഹവേലി , ലഡാഖ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് 18 വയസിന് മുകളിലുള്ള എല്ലാവരും ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിച്ചത്.