ന്യൂഡല്‍ഹി: കൊവാക്‌സിന്‍, കൊവിഷീല്‍ഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തവരില്‍ രൂപം കൊള്ളുന്ന ആന്റിബോഡിയുടെ അളവ് പെട്ടെന്ന് കുറയുന്നതായി പഠനങ്ങള്‍. കൊവാക്‌സിന്‍ എടുത്തവരില്‍ രണ്ട് മാസത്തിനകവും കൊവിഷീല്‍ഡ് എടുത്തവരില്‍ മൂന്ന് മാസത്തിനകവും ആന്റിബോഡി കുറയുമെന്നാണ് കണ്ടെത്തല്‍.

ഭുവനേശ്വറിലെ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച്‌ സെന്ററും ഐസിഎംആറും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. പഠനം നടത്തുന്നതിനായി 614 പേരില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചു. ഇതില്‍ 308 സാമ്ബിളുകള്‍ കൊവിഷീല്‍ഡ് സ്വീകരിച്ചവരുടെയും ശേഷിക്കുന്നത് കൊവാക്‌സിന്റെയുമാണെന്ന് ഐസിഎംആര്‍-ആര്‍എംആര്‍സി ശാസ്ത്രജ്ഞന്‍ ഡോ. ദേവ്ദത്ത് ഭട്ടാചാര്യ അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടെ സാമ്ബിളുകളാണ് ശേഖരിച്ചത്. ഇതില്‍ 533 പേരിലും ആന്റിബോഡികളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. രണ്ട് ഡോസെടുത്ത ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. വാക്‌സിനേഷന് ശേഷം 24 ആഴ്ചകള്‍ വരെ ഇവരെ നിരീക്ഷിച്ചു. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നിന്ന് തന്നെ ആന്റിബോഡിയുടെ അളവില്‍ കുറവ് കണ്ടെത്തി. 2021 മാര്‍ച്ചിലായിരുന്നു പഠനം ആരംഭിച്ചത്.

മനുഷ്യശരീരത്തിലെ സാധാരണമായ ആന്റിബോഡിയായ ഇമ്മ്യൂണോഗ്ലോബുലിന്‍ ജി-യുടെ അളവിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ആന്റിബോഡിയുടെ അളവ് കുറയുന്നുണ്ടെങ്കിലും അവയുടെ സാന്നിധ്യം വാക്‌സിന്‍ സ്വീകരിച്ചവരില്‍ തുടരുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.