മൂന്നാറില്‍ ഡിസിസി അദ്ധ്യക്ഷന്റെ സ്വീകരണ ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. പുതിയ ഡിസിസി അദ്ധ്യക്ഷന്‍ സി പി മാത്യുവിനെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഘര്‍ഷം സൃഷ്‌ടിച്ചത്‌.

ജിഎച്ച്‌ റോഡിലെ ഐഎന്‍ടിയുസി ഓഫീസിന് മുന്‍പില്‍ രാത്രിയോടെയായിരുന്നു സംഭവം. ഇരു വിഭാഗവും തമ്മില്‍ തല്ലാന്‍ തുടങ്ങിയതോടെ മൂന്നാര്‍- മറയൂര്‍ ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടായി. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റരുന്നു.

നേതാക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡി. കുമാറും, മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റ് എ ആന്‍ഡ്രൂസും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് കൂട്ടത്തല്ലിലെത്തിയത്. തോട്ടം തൊഴിലാളികളടക്കം നോക്കിനില്‍ക്കെയാണ് നേതാക്കള്‍ പരസ്പരം പോരടിച്ചത്.