കാബൂള്‍: അമേരിക്കന്‍ സൈന്യം 20 വര്‍ഷത്തിന് ശേഷം പൂര്‍ണ്ണമായും അഫ്ഗാനിസ്താന്‍ വിട്ടു. അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാന്‍ നല്‍കിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം.

അമേരിക്കയുടെ അവസാന സേനാ വിമാനവും കാബൂള്‍ വിട്ടതോടെ അമേരിക്കന്‍ സേനയുടെ പിന്മാറ്റം പൂര്‍ണ്ണമായി. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണും നാട്ടിലേക്ക് മടങ്ങി.

അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അകാശത്തേക്ക് വെടിയുതിര്‍ത്താണ് താലിബാന്‍ ആഘോഷമാക്കിയത്. കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു.

ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയിലും കഴിഞ്ഞ ആഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതില്‍ 13 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 175 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്.