കൊച്ചി കാക്കനാട് 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കൊച്ചിയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. നടപടിയുടെ ഭാഗമായി മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഒരു പ്രിവന്റീവ് ഓഫിസറെയും രണ്ട് സിവില്‍ ഓഫിസറെയുമാണ് സ്ഥലംമാറ്റി.

കേസെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേസില്‍ അട്ടിമറി നടന്നതില്‍ കസ്റ്റംസും അതൃപ്തി അറിയിച്ചിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കസ്റ്റംസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

രണ്ടു യുവതികള്‍ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്‌സൈസിനെതിരായ പ്രധാന ആരോപണം. പ്രതികളെ പിടിച്ച ഉടന്‍ കസ്റ്റംസ് എടുത്ത ഫോട്ടോയില്‍ ഏഴ് പ്രതികളാണ് ഉള്ളത്. കസ്റ്റംസിന്റെ വാര്‍ത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാല്‍ എക്‌സൈസ് കേസില്‍ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് മാന്‍ കൊമ്പും പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ 19 -ാം തിയതി പുലര്‍ച്ചെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അലക്കാനിട്ട തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച ഒരു ബാഗില്‍ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചു. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്‌സൈസ് എന്റഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് വിഭാഗം മഹസറില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഒരു വഴിപോക്കന്‍ നല്‍കിയ വിവരമനുസരിച്ചാണ് പ്രതികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് ഒരു കിലോ എംഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറില്‍ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതില്‍ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു.

പ്രതികള്‍ കസ്റ്റഡിയിലായിരിക്കെ ഇവരുമായി പോയി ബാഗ് കണ്ടെത്തി അതും കേസില്‍ ഉള്‍പ്പെടുത്തേണ്ടതിന് പകരമാണ് എക്‌സൈസ് ഇത്തരമൊരു കള്ളക്കളി നടത്തിയത്. 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തിന് മാത്രമാണ് നിലവില്‍ 5 പേര്‍ക്കെതിരെ കേസ്.