എം.പി ആയ ശേഷം ആദ്യം മനസ്സില്‍ കുറിച്ചിട്ട പദ്ധതി കുതിരാന്‍ തുരങ്ക നിര്‍മാണ പൂര്‍ത്തീകരണമാണെന്ന് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഹരിദാസ് ഇത് പങ്ക് വെച്ചത്. കുതിരാന്‍ തുരങ്കവുമായി ബന്ധപെട്ടു തൃശൂര്‍ എം.പി ടി.എന്‍ പ്രതാപനോടൊപ്പം നിരവധി തവണ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും തന്റെ ഫേസ്ബുക്കില്‍ എം.പി കുറിച്ചു.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകളില്‍ ഉണ്ടായ കാലതാമസം ആയിരുന്നു തുരങ്ക നിര്‍മാണം ഇത്രയധികം നീണ്ടു പോവാനുള്ള ഒരു കാരണം. നിര്‍മാണം പൂര്‍ത്തിയാവുമ്ബോള്‍ പലരും ക്രെഡിറ്റ് എടുക്കാന്‍ തിരക്ക് കൂട്ടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നും രമ്യ ഹരിദാസ് പറഞ്ഞു. ആറു മാസം കൊണ്ട് കണ്ണൂര്‍ വിമാനത്താവളം മുതല്‍ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉല്‍ഘാടനം നടത്തിയവര്‍ രണ്ട് മാസം കൊണ്ട് തുരങ്ക നിര്‍മാണം നടത്തി ഉല്‍ഘാടനം ചെയ്യുന്നതില്‍ അതിശയോക്തിയില്ലായെന്നും അത് കൊണ്ട് തന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂര്‍ത്തീകരിക്കാന്‍ സമര്‍ദ്ദം ചെലുത്തിയത്.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കുതിരാനെന്നും ആദ്യഘട്ടമാണ് തുറന്നതെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആയതില്‍ സന്തോഷമെന്നും രമ്യാ ഹരിദാസ് കുറിച്ചു.