ഓസ്റ്റിൻ ∙ ഓസ്റ്റിൻ സ്ട്രൈക്കേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓൾ അമേരിക്കൻ മലയാളി ഇൻവിറ്റേഷനൽ സോക്കർ കപ്പ് പ്രഥമ ടൂര്‍ണമെന്റിൽ ഡാലസ് ഡയനാമോസ് ചാംപ്യന്മാരായി. ആവേശം വാനോളമുയർന്ന ഫൈനലിൽ ടൂർണമെന്റ് ആതിഥേയരായ ഓസ്റ്റിൻ സ്ട്രൈക്കേഴ്‌സിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡയനാമോസിന്റെ വിജയം.

സാക്കറി ജോസഫ് (ഡാലസ് ഡയനാമോസ്) മികച്ച കളിക്കാനുള്ള എംവിപി ട്രോഫി നേടി. ടോം വാഴേക്കാട്ട് (എഫ്‌സിസി കരോൾട്ടൻ) കൂടുതൽ ഗോൾ സ്കോർ ചെയ്തു ഗോൾഡൻ ബൂട്ട് നേടി. മൈക്കിൾ ജോൺ (ഡാലസ് ഡയനാമോസ്) മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലോവ്സ് അവാർഡിന് അർഹനായി.

മത്സരവേദിയായ ഓസ്റ്റിൻ റൗണ്ട്റോക്ക് മൾട്ടി പർപ്പസ് ടർഫ് കോംപ്ലക്സിൽ അവാർഡ് ദാന ചടങ്ങുകൾ നടന്നു. പരിപാടിയുടെ പ്രായോജകരായ സെബി പോൾ, സ്കൈ ടവർ റിയാലിറ്റി (പ്ലാറ്റിനം സ്പോൺസർ), മാത്യു ചാക്കോ, മാത്യു സിപിഎ, രഞ്ജു രാജ്, മോർട്ടഗേജ് ലോൺ ഒറിജിനേറ്റർ (ഗോൾഡ് സ്പോൺസേഴ്‌സ്), ലിറ്റി വടക്കൻ, പ്രൈം ഫാമിലി കെയർ (ഹെൽത്ത് പാർട്ണർ), ലിയോ, ഇൻകോർപൊറോ ഫിറ്റ്നസ് (ഫിറ്റ്നസ് പാർട്ണർ), ചെന്ന റെഡി, സോൾട്ട് ൻ പെപ്പർ (റസ്റ്ററന്റ് പാർട്ണർ), ടെയ്‌ലർ ഇൻസ്പെക്ഷൻ (പേട്രൺ) തുടങ്ങിയവർ ചേർന്ന് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.
ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്, ന്യൂയോർക്ക് ചലഞ്ചേഴ്‌സ്, എഫ്സി കരോൾട്ടൻ, ഡാലസ് ഡയനാമോസ്, ഹൂസ്റ്റൻ യുണൈറ്റഡ് ജഗ്വാഴ്സ് – ഹൂസ്റ്റൻ യുണൈറ്റഡ് ടൈഗേഴ്‌സ്, ഹൂസ്റ്റൻ സ്‌ട്രൈക്കേഴ്‌സ്, ന്യൂയോർക്ക് മലയാളി സോക്കർ ക്ലബ്, ഒക്ലഹോമ യുണൈറ്റഡ് തുടങ്ങി അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നായി ഒൻപതു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. മുതിർന്നവർക്കുള്ള 35 പ്ലസ് ടൂർണമെന്റും ഇതോടൊപ്പം നടന്നു.

അജിത് വർഗീസ് (പ്രസിഡന്റ്), മനോജ് പെരുമാലിൽ (സെക്രട്ടറി), പ്രശാന്ത് വിജയൻ (വൈ. പ്രസിഡന്റ്) ബിജോയ് ജെയിംസ് (ട്രഷറർ) തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി. ടൂർണമെന്റ് വൻവിജയമായി എന്ന് അജിത് വർഗീസ് പറഞ്ഞു.