ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തില്‍ നിന്നും പിന്മാറാതെ കര്‍ഷകര്‍. കേന്ദ്രത്തിനെതിരെ പ്രക്ഷോഭം കടുപ്പിക്കുമെന്നാണ് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തില്‍ ഹരിയാനയില്‍ വലിയ പ്രക്ഷോഭം നടത്തുമെന്നാണ് കര്‍ഷകര്‍ സംഘടനകള്‍ വ്യക്തമാക്കി. മന്ത്രിമാരെയും ബിജെപി നേതാക്കളെയും സംസ്ഥാനത്ത് പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ജിന്ദ്- പട്യാല- ഡല്‍ഹി ദേശീയ പാതയിലെ ഖാട്കര്‍ ഗോള്‍ പ്ലാസയില്‍ നടത്തിയ ധര്‍ണയില്‍ വെച്ചാണ് ഒറ്റ ബിജെപി മന്ത്രിമാരെയും ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയത്. ഹരിയാനയില്‍ സ്വാതന്ത്ര്യ ദിനത്തില്‍ വ്യാപകമായി റാലികളും ട്രാക്ടര്‍ പരേഡ് നടത്തുമെന്നും സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് കരിങ്കൊടി കാണിക്കുമെന്നും അതോടൊപ്പം പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. കര്‍ഷകരുടെ കരുത്തറയിക്കാന്‍ കാര്‍ഷിക ഉപകരണങ്ങളും ഏന്തിയായിരിക്കും ട്രാക്ടര്‍ പരേഡ് സംഘടിപ്പിക്കുക.

നിലവില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദിറിലാണ് കര്‍ഷക പ്രതിഷേധം പുരോഗമിക്കുന്നത്.