വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്ബില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യ പാക് ബന്ധത്തില്‍ നിലപാടെടുത്ത് പ്രസിഡന്റ് ജോ ബിഡന്‍. ഇന്ത്യയും പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ബിഡന്‍. പ്രശ്ന പരിഹാരത്തിന് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മദ്ധ്യസ്ഥനാകാമെന്ന നിര്‍ദേശം ട്രമ്ബ് മുന്നോട്ടുവെച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കെന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ബിഡന്‍ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ക്ക് തമ്മില്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്ന് ദക്ഷിണ, മധ്യേഷ്യന്‍ ആക്ടിംഗ് അസിസ്റ്റന്റ് സെക്രടറി ഡീന്‍ തോംസണ്‍ പറഞ്ഞു. ഒരു കൂട്ടം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈ വര്‍ഷമാദ്യം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ തീരുമാനം വളരെ സന്തോഷം നിറഞ്ഞതായിരുന്നുവെന്നും ഡീന്‍ തോംസണ്‍ പറഞ്ഞു. ഇത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കൂടുതല്‍ ഊഷ്മളമായ ബന്ധം ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.