വാഷിംഗ്ടണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക ലഘൂകരിക്കുന്നു. ഇന്ത്യയിലേക്കുള്ള യാത്ര പൂര്‍ണ്ണമായും വിലക്കുന്ന ലെവല്‍ 4 ല്‍ നിന്നും ലെവല്‍ 3ലേക്കാണ് ഇളവ് കൊണ്ടുവന്നിരിക്കുന്നത്. യാത്രയെ കുറിച്ച്‌ യു.എസ് പൗരന്മാര്‍ക്ക് വീണ്ടും പരിഗണിക്കാമെന്നാണ് ഈ മാനദണ്ഡം.
സെന്റര്‍ ഫോര്‍ ഡീസസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സിഡിസി) ആണ് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ലെവല്‍ 3 ട്രാവല്‍ ഹെലത്ത് നോട്ടീസ് ഇറക്കിയിരിക്കുന്നതെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. എഫ്.ഡി.എ അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ്. രാജ്യാന്തര യാത്രകള്‍ക്ക് തയ്യാറെടുക്കും മുന്‍പ് വാക്‌സിന്‍ സ്വീകരിച്ചവരും അല്ലാത്തവരുമായ യാത്രക്കാര്‍ക്ക് സിഡിസി നല്‍കുന്ന പ്രത്യേക ശിപാര്‍ശകള്‍ പരിശോധിക്കണം.
മേയ് അഞ്ചിനാണ് ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് ലെവല്‍ 4 പ്രഖ്യാപിച്ചത്. രണ്ടാം തരംഗത്തില്‍ പ്രതിദിനം മൂന്ന് ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചരണ്യത്തിലായിരുന്നു അന്നത്തെ വിലക്ക്. ആശുപത്രികളില്‍ മരുന്നുന്റെയും കിടക്കകളുടെയും ക്ഷാമവും രൂക്ഷമായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ പാകിസ്താനിലേക്കുള്ള യാത്രാ വിലക്കിലും ഇളവ് കൊണ്ടുവന്നിട്ടുണ്ട്. ലെവല്‍ 2 ആയാണ് ഇളവ്. കോവിഡ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇളവ്. എന്നാല്‍ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ലെവല്‍ 3 നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.