ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ് വെയര്‍ പെഗസ്സസ് ഉപയോഗിച്ചുള്ള ഫോണ്‍ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്ത്. കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജന്‍സി മേധാവികളുടെയും വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

സൗദിയിലെ വിമത മാധ്യമപ്രവര്‍ത്തകനായ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്.ഇന്ത്യയില്‍നിന്ന് ‘ദ വയര്‍’ആണ് ഈ ഉദ്യമത്തില്‍ പങ്കാളിയായത്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുന്നൂറോളം നമ്ബറുകള്‍ ചോര്‍ത്തലിന് വിധേയമായെന്നാണ് കരുതുന്നത്.

നാല്‍പ്പതോളം മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ഇതിലുണ്ട്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്റെ പേരും ഇതിലുണ്ടെന്നാണ് വിവരം. മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കള്‍, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവന്‍, നരേന്ദ്ര മോദി സര്‍ക്കാരിലെ രണ്ടുമന്ത്രിമാര്‍, സുരക്ഷാ ഏജന്‍സി മേധാവികളുടെയും മുന്മേധാവികളുടെയും ഫോണുകള്‍ ചോര്‍ത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

പെഗസ്സസ് എന്ന ഇസ്രയേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌ ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നും ഇതേക്കുറിച്ച്‌ മാധ്യമങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് കരുതുന്നതായും ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ദ വൈര്‍, വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ വെബ്‌സൈറ്റുകള്‍ രാത്രി ഒന്‍പതരയോടെ പുറത്തു വിട്ടു.

മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗസ്സസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗസ്സസ് മാല്‍വയര്‍ ഉപയോഗിച്ച്‌ മെസേജുകള്‍, ഫോട്ടോ , ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം. പെഗസ്സസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിക്കുന്നു.

ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തു വരുന്ന വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍,മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

ഐ.ടി. നിയമത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വ്യക്തമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇവ ലംഘിച്ചു കൊണ്ടാണ് പെഗസ്സസ് ഉപയോഗിച്ച്‌ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയുടെയും സ്മൃതി ഇറാനിയുടെയും ഫോണുകളാണ് ചോര്‍ത്തിയത് എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ്, ഹിന്ദു തുടങ്ങിയ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണ് ചോര്‍ത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ ആയിരത്തിലധികം പേരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരവമാണ് പുറത്തുവന്നിട്ടുള്ളത്. വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

ഇസ്രയേലി കമ്ബനിയായ എന്‍എസ്‌ഒ ഗ്രൂപ്പാണ് പെഗസ്സസ് സോഫ്റ്റ്‌വെയറാണ് വില്‍ക്കുന്നത്. അതേസമയം തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ചോര്‍ത്തല്‍ നടത്തിയെന്നത് ശരിയല്ലെന്നും തങ്ങളുടെ സോഫ്റ്റ്‌വെയര്‍ വാങ്ങിയ ഏതെങ്കിലും സ്ഥാപനങ്ങള്‍ ഉപയോഗിച്ചതാവാം എന്നതാണ് പെഗസ്സസിന്റെ നിലപാട്. കമ്ബനി അഭിഭാഷകനാണ് അന്വേഷണസംഘത്തിനു മുന്‍പാകെ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഫോണ്‍ ചോര്‍ത്തലില്‍ പങ്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ അനധികൃതമായി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുറത്തുവന്ന റിപ്പോര്‍ട്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

2019ലാണ് പെഗസ്സസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്‌സ്‌ആപ്പ് യുഎസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗസ്സസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നു.

പിന്നാലെ വാട്‌സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. തുടര്‍ന്ന് 2019 നവംബറില്‍ മറുപടി നല്‍കിയ വാട്ട്‌സ്‌ആപ്പ്, വിവരങ്ങള്‍ ചോര്‍ന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷ കാര്യങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വാട്‌സാപ്പ് വിശദീകരണം നല്‍കി. എന്നാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കള്‍ അന്ന് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു.

ഇസ്രയേല്‍ കമ്ബനിയായ എന്‍എസ്‌ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗസ്സസ്. ഹാക്ക് ചെയുന്ന ഡിവൈസുകളില്‍ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആള്‍ക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകള്‍ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗസ്സസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ ഒരു സോഫ്റ്റ് വെയറുണ്ടെന്ന് ഇസ്രയേല്‍ കമ്ബനിയായ എന്‍എസ്‌ഒ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ ഈ സോഫ്റ്റ് വെയര്‍ വില്‍ക്കുന്നത് സര്‍ക്കാരുകള്‍ക്ക് മാത്രമാണ് എന്നാണ് കമ്ബനിയുടെ വിശദീകരണം.

ഫേസ്‌ബുക്കും വാട്‌സാപ്പും ആപ്പിളുമെല്ലാം പെഗസ്സസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാര്‍ഗറ്റ് ചെയ്യപെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവര്‍ത്തനവും പെഗസ്സസ് ചോര്‍ത്തും, ഫോണ് വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിങ് ഡാറ്റയും വരെ ചോര്‍ത്താന്‍ കെല്പുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പെഗസ്സ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്‌സാപ്പും അവകാശപ്പെടുന്നത്. എന്നാല്‍ സമീപകാലം വരെയും ചോര്ച്ച നടന്നുവെന്നാണ് ഇന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാവുന്നത്.

2019 ലെ പെഗസ്സസിന്റെ വാട്ട്‌സ്‌ആപ്പ് ആക്രമണത്തിന്റെ ഇരകളില്‍ ഭൂരിപക്ഷവും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു എന്നാണ് വിവരം. 20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്‌സാപ്പ് വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്.