മാർത്തോമ്മാ സഭയിലെ സഫ്രഗൻ മെത്രാപ്പൊലീത്തമാരായി ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവർ അഭിഷിക്തതരായി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. ജൂലൈ 18 രാവിലെ 9ന് സഭാ ആസ്ഥാനമായ പുലാത്തീനിലെ ചാപ്പലിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെട്ട ശുശ്രൂഷയിൽ മാർത്തോമ്മാ സഭയിലെ തിരുമേനിമാരോടൊപ്പം ഇതര സഭകളിലെ മേൽപ്പട്ടക്കാരും സന്നിഹിതരായിരുന്നു.

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത കുന്നംകുളത്തെ അർത്താട്ട് മാർത്തോമ്മാ ഇടവകയിൽ ഇട്ടിമാണി ഇട്ടിയച്ചന്റെയും ചീരൻ വീട്ടിൽ സാറാമ്മയുടെയും മകനായി 1951 നവംബർ 21 ന് ജനിച്ചു. എരുമപ്പെട്ടി ഗവണ്മെന്റ് ഹൈസ്കൂളിലും തേവര എസ്. എച് , ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും വിദ്യാഭ്യാസം പൂർത്തീകരിച്ചു. കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരിയിലെ ദൈവ ശാസ്ത്ര പഠനത്തിന് ശേഷം 1978 ഏപ്രിൽ 29ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ ശെമ്മാശനായും, 1978 മെയ് 16ന് കശ്ശീശായായും പട്ടം കെട്ടപ്പെട്ടു. 1989 നവംബർ 4ന് റമ്പാനായും, 1989 ഡിസംബർ 9ന് യുയാക്കിം മാർ കൂറിലോസ് എന്ന നാമധാരിയായി റവ. യുയാക്കീം ചീരൻ മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.

മാർത്തോമ്മാ സഭയുടെ പത്തനാപുരത്തുള്ള ആശാ ഭവൻ , ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങൾക്കായി തുടങ്ങിയ പിടവൂരിലെ റീഹാബിലിറ്റേഷൻ സെന്റർ , കടലോരങ്ങളിലെ കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനായി പള്ളിപ്പാട്ടുള്ള ദീപ്തി ബാലികാ ഭവൻ, മാനസിക വൈകല്യമുള്ള കുട്ടികൾക്കായി മാവേലിക്കരയിലുള്ള ജ്യോതിസ് , മേക്കൊഴൂരിലുള്ള ദീപം ബാലികാ ഭവൻ തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് പ്രാരംഭ നേതൃത്വം നൽകിയത് തിരുമേനിയാണ്. അടൂരിലുള്ള മാർത്തോമ്മാ യുവജന സഖ്യത്തിന്റെ യൂത്ത് സെന്റർ തിരുമേനിയുടെ ദീർഘവീക്ഷണത്തിൽ ഉളവായതാണ്. സത്യവാടി, ഗാട്ജ്ഗേസ്വെർ, ഒറീസ്സയിലെ കലഹണ്ഡി മിഷൻ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും നേതൃത്വം വഹിച്ചു. നിലവിൽ മാർത്തോമ്മാ സഭയുടെ കൊട്ടാരക്കര ഭദ്രാസനത്തിന്റെ അധ്യക്ഷൻ ആയി പ്രവർത്തിക്കുന്നു

ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അഞ്ചേരി ഇലയ്ക്കാട്ടുക്കടുപ്പിൽ ഇ. വി . ജേക്കബിന്റെയും മാങ്ങാനം ചെമ്മരപ്പള്ളിൽ സാറാമ്മയുടെയും മകനായി 1949 സെപ്റ്റംബർ 8 ന് ജനിച്ചു. പുതുപ്പള്ളി സെൻറ്‌ ജോർജ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും കോട്ടയം ബസേലിയോസ് കോളേജ് , സി.എം .സ്‌. കോളേജ് എന്നിവിടങ്ങളിൽ കോളേജ് വിദ്യാഭ്യാസവും . 1972 -1976 കാലയളവിൽ കൽക്കട്ട ബിഷപ്പ്സ് കോളേജിൽ ദൈവ ശാസ്ത്ര പഠനവും പൂർത്തീകരിച്ചു. 1976 മെയ് 29ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ ശെമ്മാശനായും, 1976 ജൂൺ 12 ന് കശ്ശീശായായും പട്ടം കെട്ടപ്പെട്ടു. 1993 ആഗസ്റ്റ് 31ന് റമ്പാനായും, 1993 ഒക്ടോബർ 2 ന് ജോസഫ് മാർ ബർന്നബാസ് എന്ന നാമധാരിയായി റവ. ജോസഫ് ജേക്കബ് മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.

ചെറുപ്പത്തിൽ ജോസ്‌കുട്ടി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന തിരുമേനി അഞ്ചേരി ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകയിലും അഞ്ചേരി വിജ്ഞാനോദയം ബാലജന സഖ്യത്തിലും തന്റെ നേതൃപാടവം തെളിയിച് നാട്ടുകാരുടെ പ്രിയങ്കരനായി മാറിയിരുന്നു. 1968-ൽ അഞ്ചേരി വിജ്ഞാനോദയം ബാലജന സഖ്യം കേരളത്തിലെ എറ്റവും നല്ല ബാലജന സഖ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അന്ന് അതിന്റെ സാരഥ്യം വഹിച്ചിരുന്നത് തിരുമേനിയായിരുന്നു.

പാദപീഠത്തിങ്കൽ, തിരു നിവാസം എത്ര മനോഹരം, റൂട്സ്‌ ആൻഡ് വിങ്‌സ് ഓഫ് ഔർ ലിറ്റര്ജി, വൈദിക മിത്രം, നിങ്ങൾക്ക് ശുഭം വർധിക്കട്ടെ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകി. മൈ ലോർഡ്, മൈ ഗോഡ് എന്ന പേരിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രം ആവിഷ്ക്കരിക്കുന്നു ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചു. സഭയുടെ ലക്ഷിണറി കമ്മിറ്റി, ലിറ്റർജിക്കൽ കമ്മീഷൻ എന്നിവയുടെ നേതൃത്വം വഹിച്ചു. നിലവിൽ മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസനത്തിന്റെ അധ്യക്ഷൻ ആയി പ്രവർത്തിക്കുന്നു.