അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയില്‍ ഇന്‍ഡ്യ – അഫ്ഗാന്‍ സൗഹൃദത്തിന്റെ പ്രതീകമായ സല്‍മ അണക്കെട്ടിനുനേരെ താലിബാന്റെ വെടിവയ്പ്. 2016 ജൂണില്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും സംയുക്തമായി ഉദ്ഘാടനം ചെയ്തതാണ് പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസായ സല്‍മ അണക്കെട്ട് .

അതിനിടെ താലിബാന്റെ ആക്രമണം രൂക്ഷമായാല്‍ മഹാദുരന്തം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അഫ്ഗാന്‍ നാഷനല്‍ വാടെര്‍ അതോറിറ്റി രംഗത്തെത്തി. ഭീകരര്‍ തുടരെത്തുടരെ റോകെറ്റുകള്‍ വിക്ഷേപിച്ചാല്‍ സല്‍മ അണക്കെട്ട് തകരുമെന്നാണ് മുന്നറിയിപ്പ്. പ്രവിശ്യയിലെ എട്ട് ജില്ലകളാണ് അണക്കെട്ടിനെ ആശ്രയിച്ചു ജീവിക്കുന്നത്.

അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തില്‍ തകര്‍ക്കപ്പെടേണ്ടതല്ലെന്നും അതോറിറ്റി അറിയിച്ചു. താലിബാന്‍ തൊടുക്കുന്ന ചില റോകെറ്റുകള്‍ അണക്കെട്ടിന് വളരെ അടുത്തായി പതിച്ചിട്ടുണ്ട്. അണക്കെട്ട് തകര്‍ന്നാല്‍ പടിഞ്ഞാറന്‍ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുമെന്നും വാടെര്‍ അതോറിറ്റി മുന്നറിയിപ്പു നല്‍കി.

അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. അണക്കെട്ടിനുനേര്‍ക്ക് വെടിവച്ചിട്ടില്ലെന്ന നിലപാടാണ് വക്താവ് സബിഹുല്ല മുജാഹിദ് എടുത്തത്. കമല്‍ ഖാന്‍ അണക്കെട്ടിന്റെ സുരക്ഷ ഇപ്പോള്‍ താലിബാന്റെ കൈവശമാണെന്നും മുജാഹിദ് അവകാശപ്പെട്ടു.

ചെഷ്ത് ജില്ലയില്‍ ഹരിരോദ് നദിക്കു കുറുകെ പണികഴിപ്പിച്ച സല്‍മ അണക്കെട്ടിന് 107 മീറ്റര്‍ ഉയരവും 550 മീറ്റര്‍ നീളവുമുണ്ട്. 42 മെഗാവാട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്നതരത്തിലാണ് നിര്‍മിതി. അണക്കെട്ടില്‍ നിന്നും 75,000 ഹെക്ടര്‍ ഭൂമിക്ക് ജലം നല്‍കാം. കുടിവെള്ളവും മറ്റും ഉറപ്പാക്കുകയും ചെയ്യാം. 1970കളില്‍ പഠനം നടത്തി തൊട്ടു പിന്നാലെ അണക്കെട്ടിന്റെ പണി ആരംഭിച്ചെങ്കിലും ആഭ്യന്തര സംഘര്‍ഷത്തില്‍ പാതി വഴിയില്‍ നിന്നുപോയി.

തുടര്‍ന്ന് 2005ല്‍ ഇന്‍ഡ്യയാണ് പദ്ധതിക്ക് സാമ്ബത്തിക സഹായം നല്‍കിയത്. അണക്കെട്ടിനായി 2015 ഡിസംബറില്‍ 290 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായം ഇന്‍ഡ്യന്‍ സര്‍കാര്‍ നല്‍കിയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഫ്ഗാന്‍ സര്‍കാരിന്റെ ഏറ്റവും വലിയ പദ്ധതിയായിരുന്നു അത്.