കര്‍ക്കടകത്തില്‍ പത്തില കഴിക്കണം എന്നാണു ചൊല്ല്. നമ്മുടെ തൊടികളില്‍ ആര്‍ക്കും വേണ്ടാതെ വളരുന്ന താളിനും തകരയ്‌ക്കുമൊക്കെ ഭക്ഷണമേശയിലേക്കു സ്‌ഥാനക്കയറ്റം കിട്ടുന്ന നാളുകളായിരുന്നു കര്‍ക്കടകം. അടുക്കളയുടെ സാമ്ബത്തിക ശാസ്ത്രത്തോടൊപ്പം ആരോഗ്യ ശാസ്ത്രവും ഒത്തുചേര്‍ന്ന നാളുകളില്‍ അസുഖങ്ങള്‍ പടിക്കു പുറത്തായിരുന്നു.
കര്‍ക്കടകത്തിന്റെ ആരോഗ്യപ്രാധാന്യമറിയുന്ന നമ്മുടെ മുന്‍തലമുറ അതുകൊണ്ടുതന്നെയാണു കര്‍ക്കടകക്കഞ്ഞിയും കര്‍ക്കടക ചികില്‍സയുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കിയത്. ‘നെയുര്‍ണി താള് തകര തഴുതാമ കുമ്ബളം മത്ത വെള്ളരി ആനക്കൊടിത്തൂവാ ചീര ചേന ചേര്‍ന്നാല്‍ പത്തില’ യെന്നു വാമൊഴി. (പയര്‍ ഇല, മുക്കുറ്റി, കീഴാര്‍നെല്ലി എന്നിവയും ചില പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.)
പറമ്ബില്‍ നില്‍ക്കുന്ന പല ചെടികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. മഴക്കാലത്ത് പ്രത്യേകിച്ച്‌ കര്‍ക്കടകമാസത്തില്‍ ഇലക്കറികള്‍ കഴിക്കുന്നത് ആരോഗ്യത്തോടൊപ്പം ആയുസ്സും കൂട്ടും. പത്തിലകള്‍ ചേര്‍ത്ത തോരന്‍ കര്‍ക്കടകത്തില്‍ കഴിക്കുന്നത് ശരീരത്തിന് ബലവും രോഗങ്ങളില്‍ നിന്ന് സംരക്ഷണവും ഏകും. ഓരോ സ്ഥലത്തും ലഭ്യമായ പത്തിലകള്‍ ഉപയോഗിക്കാം.
ചേമ്ബിന്റെ ഇല, ചേനയില, പയറില, തകരയില, തഴുതാമ, മത്തന്റെ ഇല, ചീരയില, കുമ്ബളത്തിന്റെ ഇല, മുള്ളന്‍ ചീര, മൈസൂര്‍ ചീര, കോവലില, സാമ്ബാര്‍ ചീര, നെയ്യുണ്ണി, ചൊറിയണം തുടങ്ങിയ ഇലകള്‍ ഉപയോഗിക്കാം. ഇലക്കറികളില്‍ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അധികം മൂപ്പെത്താത്ത തളിരിലകള്‍ വേണം ഉപയോഗിക്കാന്‍.
ചേമ്ബിന്റെ ഇലയില്‍ കാല്‍സ്യം, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. ദഹനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. തകരയുടെ ഇല നേത്രരോഗം, മലബന്ധം, ത്വക്‌രോഗം ഇവ അകറ്റുന്നു. കുമ്ബളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിയുണ്ടാകാനും ഇത് നല്ലതാണ്.
തഴുതാമയിലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയ ഇത് മൂത്രവര്‍ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ഹൃദ്രോഗം മുതലായവയ്ക്കും തഴുതാമ ഗുണം ചെയ്യും. കുമ്ബളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിവളര്‍ച്ചയ്ക്കും നല്ലതാണ്.
മത്തന്റെ ഇലയില്‍ ജീവകം എ, സി ഇവ ധാരാളമുണ്ട്. ചീരയിലയില്‍ ഇരുമ്ബ് ധാരാളം ഉള്ളതിനാല്‍ വിളര്‍ച്ച അകറ്റുന്നു. ചേനയിലയില്‍ നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ ധാരാളം ഉണ്ട്. പയറിന്റെ ഇല ദഹനശക്തി മെച്ചപ്പെടുത്തുന്നു. കരള്‍വീക്കത്തിനും നല്ലതാണ്. മാംസ്യം, ധാതുക്കള്‍, ജീവകം എ, സി എന്നിവയും പയറിലയില്‍ ഉണ്ട്.
ചൊറിയണത്തിന്റെ ഇലയും കര്‍ക്കടകത്തില്‍ കറി വയ്ക്കാം. കൈയില്‍ വെളിച്ചെണ്ണ പുരട്ടിയശേഷം അതിന്റെ രോമം പോലുള്ളവ കളഞ്ഞാല്‍ ചൊറിയുകയില്ല. രക്തസമ്മര്‍ദം ഉള്ളവര്‍ക്ക് കറിയില്‍ ഉപ്പിനു പകരം ഇന്തുപ്പ് ചേര്‍ക്കാം. തേങ്ങ, വെളുത്തുള്ളി, കാന്താരിമുളക്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് തോരന്‍ വയ്ക്കാം. ഔഷധക്കഞ്ഞിയോടൊപ്പമോ അല്ലാതെയോ പത്തിലത്തോരന്‍ കഴിക്കാം