പുലിറ്റ്സര്‍ സമ്മാനം നേടിയ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ധിഖി താലിബാന് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറായിരുന്നു. ഫോട്ടോ ജേര്‍ണലിസത്തില്‍ സ്വന്തം ജീവന് തൃണവത്ഗണിച്ച് മുന്നേറ്റം നടത്തിയ ഡാനിഷ് സിദ്ധിഖി ഇനിയില്ല. ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന് ആഗോളസ്പന്ദനമുണ്ടാക്കി കൊടുത്ത പ്രതിഭയായിരുന്നു അദ്ദേഹം. രോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രവാഹത്തെ ലോകത്തിന്റെ മുന്നിലെത്തിച്ച ഫോട്ടോ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തു പോലും ക്യാമറയുമായി പ്രക്ഷുബ്ധമായ മേഖലകളിലൂടെ സഞ്ചരിക്കുകയായിരുന്നു ഡാനിഷ്. അഫ്ഗാനിസ്ഥാനിലെ യുഎസ് പിന്മാറ്റത്തിനു ശേഷം താലിബാന് ശക്തി പ്രാപിക്കുന്ന ചിത്രങ്ങള്‍ ലോകത്തെ അറിയിക്കുന്നതില്‍ വ്യാപൃതനായിരുന്ന അദ്ദേഹത്തിന്റെ മരണവാര്‍ത്ത വെള്ളിയാഴ്ചയാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.