പി പി ചെറിയാൻ

ലോസ്ആഞ്ചലസ് ∙ അമേരിക്കയിലെ ഏറ്റവും വലിയ കൗണ്ടിയായ കലിഫോർണിയാ സംസ്ഥാനത്തെ ലൊസാഞ്ചലസ് കൗണ്ടിയിൽ മാരകശേഷിയുള്ള കോവിഡ് െഡൽറ്റാ വകഭേദത്തിന്റെ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ മാസ്ക്ക് ധരിക്കുന്നത് പുനഃസ്ഥാപിക്കുന്ന ഉത്തരവ് ജൂലായ് 15 വ്യാഴാഴ്ച കൗണ്ടി അധികൃതർ പുറത്തിറക്കി.

വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ ഈ വാരാന്ത്യം എല്ലാവരും മാസ്ക്ക് ധരിക്കണമെന്നാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ച ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയാണ് രാജ്യത്താകമാനം ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം ഉണ്ടായിരിക്കുന്നതെന്നും, കലിഫോർണിയ സംസ്ഥാനത്തു ഇതിനകം ജൂലായ് 15ന് 3622 പുതിയ കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യവകുപ്പു അധികൃതർ പറഞ്ഞു.

കഴിഞ്ഞ മാസം ജൂൺ 15നാണ് സംസ്ഥാനം പൂർണമായും പ്രവർത്തന സജ്ജമായത്. ലൊസാഞ്ചലസ് കൗണ്ടിയിലെ 100,000 പേരിൽ 7.1 ശതമാനം പേർക്ക് ഇതിനകം കോവിഡ് വ്യാപനം ഉണ്ടായതായി യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിച്ചു.

ലൊസാഞ്ചലസിൽ ഈ ഉത്തരവ് ശനിയാഴ്ച മുതൽ നിലവിൽവരും. ഡെൽറ്റാ വകഭേദത്തിന്റെ അതിവേഗത്തിലുള്ള വ്യാപനമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്ന് ലൊസാഞ്ചലസ് കൗണ്ടി ബോർഡ് ഓഫ് സൂപ്പർ വൈസേഴ്സ് അധ്യക്ഷ ഹിൽഡ സോളിസ് ട്വിറ്ററിൽ കുറിച്ചു.