വാഷിംഗ്ടണ്‍: അമേരിക്കയില്‍ അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2020 ല്‍ വലിയ വര്‍ധവാണ് ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2020 ല്‍ ലഹരി മരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് 93000 പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ല്‍ 72151 പേരാണ് ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതെന്നും യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വ്യക്തമാക്കുന്നു.

സിന്തറ്റിക്ക് ഓപിയോഡ്സ് ഉപയോഗിച്ചുള്ള മരണമാണ് അമേരിക്കയില്‍ കൂടുതലായും സംഭവിച്ചിരിക്കുന്നത്. കൊക്കെയ്ന്‍ മരണങ്ങളുടെ എണ്ണവും 2020 ല്‍ വര്‍ധിച്ചിട്ടുണ്ട്. വേദന സംഹാരികളും മരണത്തിന് കാരണമായിട്ടുണ്ട്. 1999 ന് ശേഷം 12 മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു 2020 ലാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഡ്രഗ് അബ്യൂസ് ഡയറക്ടര്‍ ഡോ. നോറ വോള്‍ കൗ അറിയിച്ചു.

കോവിഡ് വ്യാപനം അമേരിക്കന്‍ ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാനസിക സംഘര്‍ഷം വര്‍ധിച്ചതായിരിക്കാം ഡ്രഗ് ഓവര്‍ ഡോസിന് കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. കോവിഡ് വൈറസ് ബാധ കുറയുന്നതോടെ ഓവര്‍ഡോസ് വിഷയത്തില്‍ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്ന് ജോണ്‍ ഹോപ്കിന്‍സ് വൈസ് ഡീന്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് സര്‍വീസ് ഡോ.ജോഷ്വ വ്യക്തമാക്കി.