ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍
സെക്രട്ടറി, കെ.സി.ബി.സി. മീഡിയ കമ്മീഷന്‍


 

ഇന്റര്‍നെറ്റ് അടച്ചിടല്‍ എന്നത് സമീപകാലത്ത് സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റല്‍ അടിച്ചമര്‍ത്തല്‍ രീതിയാണ്. യു.എന്‍. ആസ്ഥാനമായ ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ട് പ്രകാരം നിരവധി രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലാകുന്നു. ഗവണ്‍മെന്റുകള്‍ ഇന്റര്‍നെറ്റ് നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നു. ഇ രുപത്തിയാറിലധികം ഭരണകൂടങ്ങള്‍ ഓണ്‍ലൈന്‍ സ്വാതന്ത്ര്യം പരിമിതപ്പെടുത്തി. ഇന്ത്യയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ പടിപടിയായി കടന്നുവരുന്നു. കര്‍ഷക സമരത്തിനു പിന്തുണ നല്കി പോസ്റ്റുകളിട്ട നാല് കലാകാരന്മാരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ച വാര്‍ത്ത ഈയിടെ നാം വായിച്ചതേയുള്ളൂ. ലിബറല്‍ ജനാധിപത്യ രീതിക്കും ഏകാധിപത്യത്തിനുമിടയില്‍ സംഘട്ടനത്തിലാണ് ഇന്ത്യയിലെ രാഷ്ട്രീയം. ഇത്തരമൊരു പരിസരത്തില്‍ ഡിജിറ്റല്‍ ഡിക്‌റ്റേറ്റര്‍ഷിപ് ഗൗരമായി പരിഗണിക്കേണ്ടതും ഭീതിപ്പെടുത്തുന്നതുമായ ഒരു യാഥാര്‍ത്ഥ്യമാണ്. മനുഷ്യ സമൂഹം മുഴുവന്‍ ഈ ‘ഡിജിറ്റല്‍ ഏകാധിപത്യത്തിന്റെ’ പാതയിലാണ് എന്നാണ് യുവാല്‍ ഹരാരിയുടെ അഭിപ്രായം. വിപുലമായ നിരീക്ഷണവും ബിഗ് ഡേറ്റായും ചേര്‍ത്ത് AI (Artificial Intelligence) യുടെ സഹായത്തോടെ കോടാനു കോടി മനുഷ്യരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇപ്പോള്‍ സാധ്യമാണ്. ജനാധിപത്യ വികേന്ദ്രീകൃത സംവിധാനങ്ങളേക്കാള്‍ എളുപ്പത്തിലും കാര്യക്ഷമതയിലും ഏകാധിപത്യ കേന്ദ്രീകൃത സംവിധാനങ്ങള്‍ക്ക് AI യുടെ സഹായത്താല്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഹരാരി എഴുതുന്നു, ”എല്ലാ വിവരവും അധികാരവും ഒരിടത്തില്‍ കേന്ദ്രീകരിക്കുന്നതിന് ഇരുപതാം നൂറ്റാണ്ടിലെ ഏകാധിപത്യഭരണ കൂടങ്ങള്‍ക്കുണ്ടായിരുന്ന ബുദ്ധിമുട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവരുടെ നിര്‍ണ്ണായക നേട്ടമാകുന്നു.”

2017 ഒക്‌ടോബറില്‍ ഇസ്രയേലില്‍ നടന്ന സംഭവം സര്‍വ്വയലന്‍സ് സംവിധാനത്തിലൂടെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഡിജിറ്റല്‍ ഡിക്‌റ്റേറ്റര്‍ഷിപ്പിന്റെ അപകടം വിശദമാക്കും. ഇസ്രയേല്‍ അനുനിമിഷം പലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തെ ഭയക്കുന്നതാണ് ഈ നിരീക്ഷണത്തിനുള്ള ന്യായീകരണം. എന്നാല്‍ ഏകാധിപത്യഭരണകൂടങ്ങള്‍ സ്വന്തം പൗരന്മാരെയും അവരുടെ അഭിപ്രായപ്രകടനങ്ങളെയും ഭയക്കുന്നു. വിസമ്മതങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിക്കാനും നടപടി എടുക്കാനും ഇതേ സാങ്കേതിക അധീശത്വം വഴിയൊരുക്കുന്നു. ഒരു പലസ്തീനി തൊഴിലാളി തൊഴിലിടത്തില്‍ ബുള്‍ഡോസറുമൊത്തൊരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു. അതോടൊപ്പം ‘സുപ്രഭാതം’ (Ysabe-chhum) എന്നു കുറിച്ചു. എന്നാല്‍ ആല്‍ഗരിതം അക്ഷരങ്ങളെ തെറ്റായി വായിച്ചു സന്ദേശം നല്കി. അത് വായിച്ചത് (Ydbachhum) എന്നായിരുന്നു, അതിനര്‍ത്ഥം ‘അവരെ ഉപദ്രവിക്കുക’ (Hurt them) ഇസ്രയേലികളുടെ മുകളിലൂടെ ബുള്‍ഡോസര്‍ ഓടിക്കാനുള്ള സന്ദേശമായി അതു പരിഗണിക്കപ്പെട്ടു. പിന്നെ പറയേണ്ടല്ലോ. ഇസ്രയേലി സുരക്ഷ ഉദ്യേഗസ്ഥര്‍ അവിടെയെത്തി. പിന്നെ കാര്യങ്ങള്‍ മനസ്സിലാക്കി നിരപരാധിത്വം തെളിയിച്ചെടുക്കേണ്ടി വന്നു. ഇത് ലോകം ഇനിയും നേരിടാന്‍ പോകുന്ന ഭീഷണിയുടെ ഒരു തുടക്കം മാത്രം.

 

ലിബറല്‍ ജനാധിപത്യ രീതിക്കും ഏകാധിപത്യത്തിനുമിടയില്‍ സംഘട്ടനത്തിലാണ് ഇന്ത്യയിലെ രാഷ്ട്രീയം. ഇത്തരമൊരു പരിസരത്തില്‍ ഡിജിറ്റല്‍ ഡിക്‌റ്റേറ്റര്‍ഷിപ് ഗൗരമായി പരിഗണിക്കേണ്ടതും ഭീതിപ്പെടുത്തുന്നതുമായ ഒരു യാഥാര്‍ത്ഥ്യമാണ്.

 

ജനാധിപത്യവും ഏകാധിപത്യവും വ്യത്യസ്ത ധാര്‍മ്മിക സമ്പ്രദായങ്ങള്‍ എന്നതിനേക്കാള്‍ രണ്ടുതരം വിവരസംസ്‌കരണ രീതികളാണ് അഥവ നടപടിക്രമങ്ങളാണ് (data-processing system). . വിവരങ്ങളുടെ വിതരണം അധികാരത്തിന്റെ വിതരണത്തിലും പ്രതിഫലിക്കുന്ന ജനാധിപത്യത്തെ പുതിയ സാങ്കേതിക വിവരങ്ങളുടെ കേന്ദ്രീകരണത്തിലൂടെ മറി കടക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. പഴയ സാങ്കേതികതയില്‍ ജനാധിപത്യത്തിലെ വിതരണരീതിയും പങ്കിടലുമായിരുന്നു ഫലപ്രദം. ഇനിയും അതിന്റെ ആവശ്യമില്ല. കേന്ദ്രീകൃത സംവിധാനങ്ങളിലൂടെ വിവരങ്ങളും അധികാരവും സുരക്ഷിതമാകും, സൗകര്യപ്രദവും. പൗരന്മാരുടെ DNA വിവരവും മെഡിക്കല്‍ ശേഖരവും ഇത്തരം ഏകീകൃതസാങ്കേതിക സംവിധാനത്തിനു ലഭ്യമാകുന്നതോടെ പഠനവും വിവേചനവും ആവിഷ്‌കരിക്കാം.

സിലിക്കണ്‍വാലിയിലെ പുത്തന്‍ ദൈവങ്ങള്‍

സാങ്കേതികലോകം മനുഷ്യ ജീവിതത്തിന്റെയും സമ്പത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ സംഭവിക്കുന്ന നവീന ഡിജിറ്റല്‍ ഏകാധിപത്യകാലത്തെക്കുറിച്ച് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ വന്ദനശിവയും കനേഡിയന്‍ എഴുത്തുകാരി നവോമി ക്ലെയിനും മുന്നറിയിപ്പു നല്കുന്നു. സാങ്കേതികതയുടെ കടന്നുകയറ്റത്തെ അങ്ങേയറ്റം ഭീതിയോടെ കാണണം. വ്യക്തികളിലെ മാനസിക നിലയിലും സമൂഹത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ രൂപങ്ങളിലും രാജ്യങ്ങളുടെ ഭരണസ്വഭാവത്തിലും ഡിജിറ്റല്‍ ആധിപത്യം വലിയ മാറ്റം വരുത്തിക്കഴിഞ്ഞു. ഇനിയും ഇതിലേറെ മാറ്റങ്ങള്‍ സംഭവിക്കും. ഡിജിറ്റല്‍ ലോകം ഒരു ന്യൂനപക്ഷത്തിന്റെ ആധിപത്യത്തില്‍ മുന്‍പൊന്നുമില്ലാത്ത വിധം പെട്ടുകഴിഞ്ഞു. സിലിക്കണ്‍ വാലിയിലെ ഈ ഭീമന്മാരാണ് പുത്തന്‍ദൈവങ്ങള്‍. ഇവര്‍ നമ്മുടെ ജീവിതങ്ങളില്‍ എല്ലായിടത്തും കടന്നുകയറുകയാണ്. കോവിഡ് വ്യാധി സുഖജീവിതത്തെ ബാധിക്കുമെന്ന് ഭയന്നവരിലേക്ക് ഹോം ഡെലിവറിയും ലൈവ് സ്ട്രീമിങ്ങും ആശ്വാസമായെത്തിയെന്ന് നമ്മള്‍ കരുതുന്നു. ഡിജിറ്റല്‍ സാങ്കേതികത മനുഷ്യാനുഭവത്തെ പുനഃര്‍രൂപകല്പന ചെയ്യുകയാണ്. മുന്‍പൊരിക്കലും മനുഷ്യന്‍ ഇത്തരം അനുഭവത്തിലൂടെ കടന്നുപോയിട്ടില്ല. മനുഷ്യസ്വാതന്ത്ര്യത്തില്‍ ഇവര്‍ കൈകടത്തുന്നു, മഹാഭൂരിപക്ഷവും ഇത് തിരിച്ചറിയാത്ത വിധത്തില്‍. സ്വാതന്ത്ര്യം മാത്രമല്ല വ്യക്തിത്വവും ഇതിന്റെ ബാധയിലാണ്. ”നമ്മുടെ ഓരോ നീക്കവും വാക്കും ബന്ധവും ട്രാക്കബിള്‍ (trackable) ആണ്, ട്രെയ്‌സബിളാണ് (traceable). മുന്‍കാല ധാരണകള്‍ക്കതീതമായി സാങ്കേതിക കുത്തകകളും ഭരണകൂടവും പരസ്പരസഹകരണത്തോടെ data-mining അംഗീകരിക്കുന്നു.”

ചൈനയിലെ സോഷ്യല്‍ ക്രെഡിറ്റ് സിസ്റ്റം

2020-ല്‍ തന്നെ സോഷ്യല്‍ ക്രെഡിറ്റ് സിസ്റ്റം ചൈനയില്‍ പൂര്‍ണ്ണമായും നടപ്പാക്കി. 1.4 ബില്ല്യണ്‍ വരുന്ന ജനതയെ നിരീക്ഷിക്കാനും അധികാരപൂര്‍വ്വം നിയന്ത്രിക്കാനും കൂടിയാണ് ഇത്. ഗേമിഫിക്കേഷന്‍ ഓഫ് ട്രസ്റ്റ് (gamification of trust) എന്ന് സാമൂഹ്യസാങ്കേതികതയുടെ വിപുലമായ പരീക്ഷണത്തില്‍ ഇതിനെ വിളിക്കുന്നു. ഇതിലൂടെ വ്യക്തികളെ മൂന്നു കൂട്ടരായി തരംതിരിക്കും. 1) വിശ്വസ്തര്‍ 2) ശരാശരി 3) അവിശ്വസ്തര്‍. ചൈനയുടെ നോര്‍ത്തീസ്റ്റ് ഷിംജി യാങ്ങ് പ്രവശ്യയിലെ ഉയ്ഗൂര്‍ (Uyghur) ജനതയെ അവസാന രണ്ട് വിഭാഗങ്ങളിലായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ജനാധിപത്യാധികാരത്തിലേക്കും രാജ്യങ്ങളുടെ ഭരണനിര്‍വ്വഹണത്തിലേക്കും ബിഗ്‌ഡേറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും കടന്നെത്തിയതു മുതല്‍ അവയുടെ സ്വഭാവം മാറിത്തുടങ്ങി. ജനാധിപത്യത്തെയും പൗരന്മാരുടെയും മാധ്യമങ്ങളുടെയും സ്വതന്ത്രാഭിപ്രായത്തെയും അധികാരത്തിലുള്ളവര്‍ ഭയക്കാന്‍ തുടങ്ങി. വിസ്സമതങ്ങളെയും വിമതസ്വരങ്ങളെയും കേള്‍ക്കാന്‍ തയ്യാറല്ല എന്നു മാത്രമല്ല അവയൊക്കെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തു.

 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഈ സംവിധാനം വിശ്വസ്തരായ പൗരന്മാര്‍ക്ക് സ്വതന്ത്രസഞ്ചാരം സൂര്യനു താഴെ എവിടെയും ഉറപ്പുനല്കുന്നു. എന്നാല്‍ പോയിന്റ് കുറവുള്ളവര്‍ ഒരു ചുവട് വച്ചാല്‍ പോലും പേടിക്കണം. ഇതിനായി 200 മില്ല്യണ്‍ സി.സി.ടി.വി. (CCTV) ക്യാമറകള്‍ ചൈനീസ് ഗവണ്‍മെന്റ് സ്ഥാപിച്ചു കഴിഞ്ഞു. അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ലിയു ഹൂ (Liu Hu) ഇതിന്റെ ഇരയാണ്. ഇയാളുടെ ട്രെയിന്‍ യാത്ര തടസ്സപ്പെടുത്തിയിരിക്കുന്നു. കാരണം ഗവണ്‍മെന്റിന്റെ അഴിമതിയെക്കുറിച്ച് ഇയാള്‍ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നു. ലോകത്തിലെ ഏറ്റവും വലിയ ‘സര്‍വ്വയലന്‍സ് (Surveillance) സ്റ്റേറ്റാണ് ചൈന. 200 മില്ല്യണ്‍ ഫേഷ്യല്‍ റക്കഗ്‌നീഷന്‍ ക്യാമറകള്‍ സ്ഥാപിച്ചത് നാം അറിഞ്ഞു. ഇനിയും 400 മില്ല്യണിലധികം ക്യാമറകളിലൂടെ ഏതു പൊതു ഇടവും ഇവര്‍ നിരീക്ഷണ വിധേയമാക്കും.

ഭരണകൂടം നിങ്ങളെ നോട്ടമിട്ടാല്‍

ഈ സാങ്കേതിക ഏകാധിപത്യരാജ്യത്തിന് അറുപതിനായിരം വരുന്ന ആള്‍ക്കൂട്ടത്തില്‍നിന്നും ഒരാളെ കണ്ടെത്താന്‍ കഴിയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇഷ്ടക്കാരനല്ലെങ്കില്‍ ചൈനയില്‍ ഇതൊരു നല്ല വാര്‍ത്തയല്ല. ഭരണകൂടത്തിന് പൗരനെ പലതരത്തില്‍ ഉപദ്രവിക്കാന്‍ കഴിയും. ഇന്റര്‍നെറ്റിന്റെ ലഭ്യത കുറയ്ക്കും, ട്രെയിന്‍ -ഫ്‌ളൈറ്റ് യാത്രകള്‍ വിലക്കും, കുട്ടികളെ ചില സ്‌കൂളുകളില്‍ പഠിക്കുന്നതില്‍നിന്നും വിലക്കും, എല്ലാ ജോലികള്‍ക്കും പരിഗണിക്കില്ല, ചില ഭക്ഷണസാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്നതിനു തടസ്സമുണ്ടാകും.

ഉയ്ഗൂര്‍ ജനത നേരിടുന്ന വെല്ലുവിളി പരാമര്‍ശിച്ചിരുന്നു. ഇവരിലെ ഓരോരുത്തരുടെയും മുഖം സ്‌കാന്‍ ചെയ്യണം. വിരലടയാളം പതിച്ച് നല്കണം. ലോക ഉയ്ഗൂര്‍ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷന്‍ ഡോല്‍ക്കുന്‍ ഇസ (Dolkun Isa) യു.കെ. പാര്‍ലമെന്റില്‍ ചൈനീസ് ഭരണകൂടത്തെക്കുറിച്ച് 2017 ഡിസംബര്‍ 13 ന് ഭീതികരമായ വെളിപ്പെടുത്തല്‍ നടത്തി. അവിടെ നിര്‍ബന്ധിത അവയവമെടുക്കല്‍ (Organ Harvesting) നടക്കുന്നു. ഭരണകൂടം ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുന്നു.

ഫാലുണ്‍ ഗോണ്‍ (Falun Gong) അനുയായികളുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയാണ് ചൈനീസ് ഭരണകൂടം. വളരെ ശാന്തരായി താമസിക്കുകയും ധ്യാനനിരതരാകുകയും ചെയ്യുന്ന കൂട്ടരാണിവര്‍. ഇവര്‍ക്കിടയില്‍ മദ്യപാനവും പുകവലിയുമില്ല, കൂടാതെ മികച്ച ആരോഗ്യശീലങ്ങള്‍ പാലിക്കുന്നുമുണ്ട്. ഇത്തരം മെച്ചപ്പെട്ട സ്വഭാവം തന്നെ ഇവര്‍ക്ക് തിരിച്ചടിയാകുന്നു. അവയവ കൊയ്ത്തിന്റെ പ്രാഥമിക ഇരകളാണിവര്‍. പുത്തന്‍ സാങ്കേതിക-ജൈവ ശേഖരസംവിധാനസഹായത്താല്‍ ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നുമിവരില്‍ ഒരാളെ അവയവ മാറ്റിവയ്ക്കലിനായി തട്ടിക്കൊണ്ട് പോകാന്‍ എളുപ്പമാണ്.

ഡേറ്റ ശേഖരം പുതിയ കാലത്തെ ആയുധം

‘കേബ്രിഡ്ജ് അനലിറ്റിക്ക’ എന്ന യു.കെ.യില്‍ സ്ഥാപിതമായ രാഷ്ട്രീയ സഹായവും ഉപദേശവും നല്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതി വാര്‍ത്തകളാല്‍ ഉപനിര്‍വ്വഹിച്ച ഡോക്യുമെന്ററി ചിത്രമാണ് ‘ദി ഗ്രേറ്റ് ഹാക്ക്.’ 2019-ല്‍ പുറത്തിറങ്ങിയ ചിത്രം ഒത്തിരി വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി. 2016-ലെ യു.എസ്. ഇലക്ഷനിലും യു.കെ.യിലെ ‘ബ്രക്‌സിറ്റ്’ പ്രചാരണത്തിലും സാമൂഹ്യമാദ്ധ്യമങ്ങളെ ഉപയോഗിച്ചത് സൂത്രധാരന്മാരുടെ മനശ്ശാസ്ത്ര ഇടപെടലുകളിലെ നൈപുണ്യം (Psyeps) കൂട്ടിയോജിപ്പിച്ചത് ഇവരാണ്. വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുന്ന ബിഗ് ഡേറ്റ ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ ഉപയോഗിച്ചു. കേബ്രിഡ്ജ് അനലിറ്റിക്കയുടെ കഥ എല്ലാവരും അറിഞ്ഞു. ഇതേപോലെ വ്യത്യസ്ത തരത്തില്‍ സായുധ, രാഷ്ട്രീയ ഉപയോഗത്തിനായി വ്യക്തികളുടെ രീതികള്‍, താല്‍പര്യങ്ങള്‍, സൗഹൃദങ്ങള്‍ എന്നീ വിവരങ്ങള്‍ അടങ്ങുന്ന ബിഗ് ഡേറ്റ ചോര്‍ത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

‘സ്വകാര്യത’ എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. ഇലക്‌ട്രോണിക് ഉപകരണങ്ങളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും സ്വകാര്യത എത്രമാത്രമുണ്ട് എന്നത് സംശയാസ്പദമാണ്. ‘വിവരങ്ങള്‍’ ആണ് പ്രധാനം. വ്യക്തികള്‍ക്ക് സ്വകാര്യതയില്ല എന്നതാണ് നവമാദ്ധ്യമകാലത്തെ സത്യം. ചരിത്രകാരനും ചിന്തകനുമായ യുവാല്‍ ഹരാരി പറയുന്നത്, വളരെ ചെറിയ ഒരു കൂട്ടത്തിന് ‘വിവര’ങ്ങളുടെ (data) നിയന്ത്രണത്തിലൂടെ അതിവേഗം ഡിജിറ്റല്‍ ഡിക്‌റ്റേറ്റര്‍ഷിപ്പിലേക്ക് എത്തിച്ചേരാമെന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി’. ഏറ്റവും വിലയേറിയ വസ്തുവാണ് വ്യക്തിവിവരം (personal data). കേരളത്തില്‍ ഉണ്ടായ സ്പ്രിംഗ്‌ളര്‍ വിവാദം ഇക്കാര്യം കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും നമുക്ക് അവസരം നല്കി. ഹരാരി ചില കാര്യങ്ങള്‍കൂടി കൂട്ടിച്ചേര്‍ക്കുന്നു. ‘മനുഷ്യര്‍ അവരുടെ വിലയേറിയ വസ്തുക്കള്‍’ (personal data യാണ് ഉദ്ദേശിക്കുന്നത്) ഇമെയില്‍ സേവനത്തിനും വിനോദ വീഡിയോകള്‍ക്കും പകരം നല്കുന്നു. ഇതിനെ അദ്ദേഹം താരതമ്യം ചെയ്യുന്നത് ആഫ്രിക്കയിലെയും നോര്‍ത്ത് അമേരിക്കയിലെയും ചില ഗോത്രക്കാര്‍ നിറമുള്ള മാലകള്‍ക്കും (Colourful beads) വില കുറഞ്ഞ ആഭരണങ്ങള്‍ക്കുമായി (Cheap trinkets) അവരുടെ നാടിനെ വില്‍ക്കുന്നതിനോടാണ്.

പുതിയ നൂറ്റാണ്ടില്‍ നിങ്ങള്‍ അടിമയാകുന്ന വിധം

മൊബൈല്‍ ആപ്പുകളിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍, ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമുള്ളതും ഇല്ലാത്തതും, ശേഖരിക്കുകയും അവയെല്ലാം വിവര ശേഖരണത്തിനും നിയന്ത്രണത്തിനും ഉപയോഗിക്കുന്നതിന്റെ അപകടമാണ് നാം തിരിച്ചറിയേണ്ടത്. ഇത് വന്‍കിട കമ്പനികളും ഭരണ കൂടങ്ങളും ഉപയോഗപ്പെടുത്തുന്നു. ‘ആന്‍ക’ (Anka) എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ സൈബര്‍ സെക്യൂരിറ്റി കമ്പനി നടത്തിയ പഠനത്തില്‍ ഡേറ്റാ മോഷണത്തിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. ഇന്ത്യന്‍ നിര്‍മ്മിതമായ 100 മൊബൈല്‍ ആപ്പുകളില്‍ നടത്തിയ പഠനമാണിത്. അവയില്‍ ചിലത് ഇതാണ്.

സാമൂഹ്യമാധ്യമങ്ങളിലെ ഭരണവിരുദ്ധ പരാമര്‍ശങ്ങളെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ പരിഗണിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇത്തരം നടപടികളും നിരീക്ഷണങ്ങളും ഡിജിറ്റല്‍ ഡിക്‌റ്റേറ്റര്‍ഷിപ്പിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. ജനാധിപത്യത്തില്‍ ശുദ്ധവായു ശ്വസിക്കാനുള്ള ഇടമാണ് വിസമ്മതത്തിനുള്ള സ്വാതന്ത്ര്യം. നമ്മുടെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് പതിയെ വഴിമാറുകയാണോ? അതിനുള്ള ഇന്ധനം ഈ ഡിജിറ്റല്‍ കാലം എല്ലാ അര്‍ത്ഥത്തിലും ഭരണകൂടത്തിനു നല്കുന്നില്ലേ?

1. മൊബൈല്‍ ആപ്പുകള്‍ അവരുടെ പ്രവര്‍ത്തനത്തിന് ആവശ്യമുള്ളതിലുമെത്രയോ അധികം വിവരങ്ങള്‍ ശേഖരിക്കുന്നു. ഉദാഹരണത്തിന് 75% ആപ്പുകള്‍ക്കും ലൊക്കേഷന്‍ അറിയുകയെന്നത് പ്രവര്‍ത്തനത്തിനാവശ്യമില്ലാതിരിക്കെ അത് ശേഖരിക്കുന്നു.

2. 86% ആപ്പുകള്‍ക്കും കസ്റ്റമറുടെ എക്‌സ്റ്റേണല്‍ സ്റ്റോറേജില്‍ (External Storage) കയറാം, 58% ആപ്പുകള്‍ക്കും ഉപഭോക്താവിന്റെ ക്യാമറയില്‍ നിയന്ത്രണമുണ്ട്. എസ്.എം.എസ്. വായിക്കാനും മൈക്രോഫോണ്‍ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും.

3. ഓരോ വെബ്‌സൈറ്റില്‍നിന്നും വ്യക്തിവിവരങ്ങള്‍ മറ്റൊന്നിലേക്ക് ചോര്‍ത്തുന്നു.

4. ഉപഭോക്താവിന്റെ എല്ലാത്തരം വിവരശേഖരവും സ്വന്തം രാജ്യത്തിന് പുറത്തേക്ക് കടക്കുന്നു.

5. ഇത്തരം വിവരങ്ങളുടെ ചോര്‍ച്ച സംഭവിക്കുന്നത്, ഉപഭോക്താവിന്റെ പ്രത്യക്ഷസമ്മതത്തോടെയാണ്. കാരണം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇതെല്ലാം അംഗീകരിക്കപ്പെടുന്നു. കോടിക്കണക്കിന് മനുഷ്യരുടെ വ്യക്തിവിവരങ്ങളിലെ സ്വാധീനം രാഷ്ട്രീയമായും കച്ചവടപരമായും വലിയ പ്രാധാന്യമുള്ളതാണ്.

അടുത്തിടെ ഡല്‍ഹി പോലീസ് സൈബര്‍സെല്‍ ഡേറ്റാ മോഷണത്തിനു ഉപയോഗിച്ചിരുന്ന വ്യാജ ചൈനീസ് ആപ്പുകള്‍ കണ്ടെത്തി. 5 ലക്ഷം ഇന്ത്യക്കാരെ പറ്റിച്ചുകൊണ്ടിരുന്ന ഫേക്ക് ഇന്‍വെസ്റ്റ്‌മെന്റ് ആപ്പുകളായിരുന്നു അവയെല്ലാം.

ജനാധിപത്യം പരിണാമത്തിലോ?

സ്വാതന്ത്ര്യം, സമത്വം ഇവയില്‍ അധിഷ്ഠിതമായ ജനാധിപത്യം വളരെ fragile ആണ്. ഏകാധിപത്യവും രാജാധികാരവും മനുഷ്യനെ അതിലേറെക്കാലം നിയന്ത്രിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ആളുകള്‍ക്ക് അവരുടെ സാമ്പത്തിക മൂല്യം നഷ്ടമാകും, ഇനിയും അവരുടെ രാഷ്ട്രീയ പ്രാധാന്യവും ഇല്ലാതാക്കും. സാമ്പത്തിക അ സ്ഥിരത സൃഷ്ടിച്ച സാങ്കേതികത തന്നെ മനുഷ്യനെ എളുപ്പത്തില്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും തുടങ്ങുന്നു.

Biotechnology നമ്മുടെ ആന്തരജീവിതത്തിലേക്കുള്ള വാതായനമാണ്. ഒത്തുചേര്‍ന്ന് കേട്ടുകേള്‍വിയില്ലാത്ത ചലനങ്ങള്‍ മനുഷ്യ സമൂഹത്തില്‍ നിര്‍മ്മിക്കുന്നു. മനുഷ്യ ഇച്ഛകളെയും ചോദനകളെ നിര്‍ണ്ണയിക്കാനും നയിക്കാനും വഴിതിരിച്ചുവിടാനും ജൈവസാങ്കേതികതയും വിവരസാങ്കേതികതയും ചേര്‍ന്ന പുത്തന്‍ സംവിധാനങ്ങള്‍ക്ക് കഴിയും. AI സ്വയം ഉല്‍പ്പാദിപ്പിക്കുന്ന അധികാരരാഷ്ട്രീയം ഇല്ല. എന്നാല്‍ നിലവിലെ അധികാരശക്തികള്‍ AI യെ കൂടി ഉപയോഗപ്പെടുത്തുന്നത് അധികാര കേന്ദ്രീകരണത്തിനുള്ള ആയുധവുമാകുമെന്നതില്‍ തര്‍ക്കമില്ല.

ജനാധിപത്യാധികാരത്തിലേക്കും രാജ്യങ്ങളുടെ ഭരണനിര്‍വ്വഹണത്തിലേക്കും ബിഗ്‌ഡേറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും കടന്നെത്തിയതു മുതല്‍ അവയുടെ സ്വഭാവം മാറിത്തുടങ്ങി. ജനാധിപത്യത്തെയും പൗരന്മാരുടെയും മാധ്യമങ്ങളുടെയും സ്വതന്ത്രാഭിപ്രായത്തെയും അധികാരത്തിലുള്ളവര്‍ ഭയക്കാന്‍ തുടങ്ങി. വിസ്സമതങ്ങളെയും വിമതസ്വരങ്ങളെയും കേള്‍ക്കാന്‍ തയ്യാറല്ല എന്നു മാത്രമല്ല അവയൊക്കെദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തു. ഇക്കാര്യത്തില്‍ ലോകത്തില്‍ വലിയ ഏകാധിപത്യസംവിധാനങ്ങളും നിയന്ത്രണങ്ങളും നിര്‍മ്മിച്ച ചൈനയുടെ പാതയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു. അങ്ങനെ കടുത്ത സാമൂഹ്യനിയന്ത്രണങ്ങള്‍ക്കു വേണ്ടി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതു വഴി പൗരന്മാരെ പലവിധ കാരണങ്ങളാല്‍ പിന്തുടരാന്‍ ഭരണകൂടത്തിനു കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെ സഹായത്തോടെയുള്ള ഫേഷ്യല്‍ റക്കഗ്‌നീഷന്‍ (Facial Recognition) നഗരങ്ങളില്‍ കുറ്റവാളികളെ കണ്ടെത്താന്‍ ഉപയോഗിക്കുന്നതോടൊപ്പം വിമത സ്വരമുയര്‍ത്തുന്നവരുടെ ചലനങ്ങള്‍ മനസ്സിലാക്കാനും ഉപയോഗിക്കും. ‘സര്‍വ്വയലന്‍സ് സ്റ്റേറ്റ്’ (Surveillance State) പേര് ദോഷത്തെ ഭയന്ന് എല്ലാത്തരം സാമൂഹ്യമാധ്യമങ്ങളെയും പരിശോധിക്കുന്ന സംവിധാനത്തില്‍നിന്ന് പലരാജ്യങ്ങളും മാറിനില്ക്കുന്നത്. ചൈനയോടൊപ്പം ഇത്തരം മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ നടപടികളില്‍ സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങളുണ്ട്. നെറ്റ് ഫ്‌ളിക്‌സ് അവരുടെ വീഡിയോ സ്വയം സെന്‍സര്‍ഷിപ്പിനു വിധേയമാക്കി മാത്രമെ സൗദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ. മതപരമായ പരാമര്‍ശങ്ങള്‍, രാജ്യത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ഇവ പ്രദര്‍ശനാനുമതി നേടില്ല.

വിസമ്മതങ്ങളെ ഭയക്കുന്നത് ഏകാധിപത്യം

പൊതുഇടങ്ങളിലെ അഭിപ്രായ പ്രകടനങ്ങളെ, പ്രത്യേകിച്ച് സാ മൂഹ്യമാധ്യമങ്ങളില്‍, ഇന്ത്യയിലും ഭരണാധികാരികള്‍ അസഹിഷ്ണുതയോടെ കാണുന്നു. ‘നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കുകയും ഗവണ്‍മെന്റിനെ വെറുക്കുകയും ചെയ്യാം’ എന്നത് പൗലോ കൊയ്‌ലോയുടെ നിരീക്ഷണമാണ്. ഗ്രേറ്റാ റ്റൂന്‍ ബെര്‍ഗിന്റെ കര്‍ഷകസമരാനുകൂല ട്വീറ്റിനെ നമ്മുടെ ഭരണകൂടം നേരിട്ടത് നാം കണ്ടു. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയ്‌ക്കെതിരെ അടുത്തകാലത്ത് ഏറ്റവും നന്നായി പ്രതികരിച്ചത് സുപ്രീം കോടതി ജസ്റ്റിസ് ചന്ദ്രചൂഢനാണ്. മാധ്യമസ്വാതന്ത്ര്യത്തെ ദേശ വിരുദ്ധമെന്ന പേരില്‍ കടിഞ്ഞാണിടുന്നതിനെ അദ്ദേഹം എതിര്‍ത്തു. ”ഉത്തര്‍പ്രദേശില്‍ മൃതദേഹം നദിയിലേക്കു വലിച്ചെറിയുന്ന ദൃശ്യം കാണിച്ച ടിവി ചാനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയോ എന്നറിയില്ല” എന്നദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെ ഭരണവിരുദ്ധ പരാമര്‍ശങ്ങളെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ പരിഗണിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇത്തരം നടപടികളും നിരീക്ഷണങ്ങളും ഡിജിറ്റല്‍ ഡിക്‌റ്റേറ്റര്‍ഷിപ്പിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. ജനാധിപത്യത്തില്‍ ശുദ്ധവായു ശ്വസിക്കാനുള്ള ഇടമാണ് വിസമ്മതത്തിനുള്ള സ്വാതന്ത്ര്യം. നമ്മുടെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് പതിയെ വഴിമാറുകയാണോ? അതിനുള്ള ഇന്ധനം ഈ ഡിജിറ്റല്‍ കാലം എല്ലാ അര്‍ത്ഥത്തിലും ഭരണകൂടത്തിനു നല്കുന്നില്ലേ? മനുഷ്യന്റെ ചിന്താരീതിയെ സാമൂഹ്യമാധ്യമങ്ങള്‍ നിര്‍ണ്ണയിക്കുന്നു. സാമൂഹ്യമാധ്യമങ്ങളെ ഏകാധിപതികള്‍ നിയന്ത്രിക്കുന്നു. പുതിയ ലോകഭരണരീതികള്‍ മാറിക്കഴിഞ്ഞു.

COURTSEY:
Sathyadeepam