കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.കെ. വാര്യരുടെ ദേഹവിയോഗത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോ. പി കെ വാരിയരുടെ വിയോഗത്തില്‍ ദുഖിക്കുന്നു. ആയുര്‍വേദം ജനപ്രിയമാക്കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ദുഖത്തില്‍ പങ്കുചേരുന്നെന്ന് മോദി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസമാണ് പി.കെ. വാര്യര്‍ 100ാം ജന്മദിനം ആഘോഷിച്ചത്. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തിന് 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം സമര്‍പ്പിക്കുകയുണ്ടായി.മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ഒരു ഇടത്തരം കുടുംബത്തില്‍ കോടിതലപ്പണ ശ്രീധരന്‍ നമ്ബൂതിരിയുടെയും പന്ന്യംപള്ളി കുഞ്ചി വാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു പഠനം. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ്.വാര്യര്‍ ആയുര്‍വേദ കോളേജിലും. അമ്മാവനായ വൈദ്യരത്‌നം ഡോ.പി.എസ്. വാര്യരാണ് ഗുരുവും വഴികാട്ടിയും.