യുഎസിലെ മൂന്ന് നഗരങ്ങളിലെ സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെക്കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഇന്ത്യയിലെ പ്രതിപക്ഷം വളരെ നന്നായി ഐക്യപ്പെട്ടിരിക്കുന്നു. അത് കൂടുതല്‍ കൂടുതല്‍ ഒറ്റക്കെട്ടാകുമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തുകയാണ്. 2024 ലെ പൊതുതിരഞ്ഞെടുപ്പ് ഫലം ജനങ്ങളെ അത്ഭുതപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. വാഷിംഗ്ടണിലെ നാഷണല്‍ പ്രസ് ക്ലബില്‍ നടത്തിയ സംവാദത്തിലാണ് രാഹുലിന്റെ പ്രതികരണം.

‘അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ കരുതുന്നു. ഒരു മറഞ്ഞിരിക്കുന്ന അടിയൊഴുക്ക് രൂപപ്പെടുകയാണ്. അത് ജനങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു,’ രാഹുല്‍ പറഞ്ഞു.

‘പ്രതിപക്ഷം നന്നായി ഒന്നിച്ചു’

2024ലെ നിര്‍ണായക ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ നേരിടാന്‍ സമാന ചിന്താഗതിക്കാരായ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ കൈകോര്‍ക്കുന്നുണ്ട്. ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 12ന് പട്നയില്‍ സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനം നടക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചേക്കും.

‘അടുത്ത മൂന്നോ നാലോ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കാത്തിരുന്ന് കാണുക. ഇത് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ മികച്ച സൂചനയാകും അത്’, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷം നേടുകയും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്ത ഫലം ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. ഇതൊരു സങ്കീര്‍ണ്ണമായ ചര്‍ച്ചയാണ്, കാരണം ഞങ്ങളും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി മത്സരിക്കുന്ന ഇടങ്ങളുണ്ട്. അതിനാല്‍, ഇത് ആവശ്യാനുസരണം കുറച്ച് കൊടുക്കലും വാങ്ങലുമാണ്. പക്ഷേ അത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രസ്വാതന്ത്ര്യത്തെക്കുറിച്ച്..

ഇന്ത്യയിലെ പത്ര-മത സ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ , സമ്പദ് വ്യവസ്ഥയുടെ അവസ്ഥ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. രാജ്യത്തെ സ്ഥാപനങ്ങള്‍ കൃത്യമായി പിടിച്ചെടുക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. കേള്‍ക്കുന്നതെല്ലാം ഞാന്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യത്തിന് മാധ്യമസ്വാതന്ത്ര്യം വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.