വാക്സിനേഷന്‍ പ്രക്രിയ സുഗമമായി പുരോഗമിക്കുമ്ബോള്‍ കൊവിഡിനെ തുടച്ച്‌ നീക്കാമെന്ന പ്രതീക്ഷയിലാണ് പാശ്ചാത്യ രാജ്യങ്ങള്‍. എന്നാല്‍, വാക്സിന്‍ ദൗര്‍ലഭ്യമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഡെല്‍റ്റ വകഭേദം വിതച്ചേക്കാവുന്ന നാശത്തിന്റെ ഭീതിയിലാണ്.
ജനസംഖ്യയുടെ 5 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രം വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഭീഷണിയിലാണ്. ജനിതക നിരീക്ഷണ പര്യവേഷണ സംവിധാനങ്ങളിലും ഈ രാജ്യങ്ങള്‍ പിന്നിലാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിലെ പ്രമുഖ നഗരങ്ങളിലെ ആശുപത്രികിടക്കകള്‍ നിറഞ്ഞു തുടങ്ങിയിരിക്കുന്നു. ഡെല്‍റ്റാ വകഭേദത്തിന്റെ പല ജനിതകശ്രേണികള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളും കടുത്ത സമ്മര്‍ദത്തിലാണ്. ദക്ഷിണാഫ്രിക്കയില്‍ വാണിജ്യ തുറമുഖങ്ങളിലെ ചില കപ്പല്‍ ജോലിക്കാരില്‍ മാത്രമേ ഇതുവരെ ഡെല്‍റ്റ സ്ഥിരീകരിച്ചിട്ടുള്ളൂ. യാത്രാവിലക്കുകളും, B. 1.351 എന്ന ബീറ്റാ വകഭേദം മൂലമുള്ള തരംഗം ഇപ്പോഴും നിലനില്‍ക്കുന്നത് കൊണ്ടുമാകാം ദക്ഷിണാഫ്രിക്കയില്‍ ഡെല്‍റ്റ പടരാത്തത്. P. 1 എന്ന ഗാമാ വകഭേദം തരംഗമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ബ്രസീലിലും ഡെല്‍റ്റ വിരളമാണ്.
അതേസമയം, ജൂണ്‍ 21 ന് കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനിടെയിലാണ് ഡെല്‍റ്റാ വകഭേദം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ മുതല്‍ ഡെല്‍റ്റ മൂലം കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ പിടിയിലാണ് ബ്രിട്ടന്‍. റഷ്യയിലും ഡെല്‍റ്റ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഡെല്‍റ്റ എന്ന ഭീകരന്‍
ഡെല്‍റ്റ എന്നു വിളിപ്പേരുള്ള B.1.617.2 എന്ന വകഭേദം വാക്സിനെ പരാജയപ്പെടുത്താന്‍ ശേഷിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാള്‍, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ കൊവിഡ് വ്യാപിക്കാന്‍ കാരണമായത് ഡെല്‍റ്റയാണ്. ഡെല്‍റ്റയെ തടയുന്നത് ബുദ്ധിമുട്ടാണെന്നും ലോകമെമ്ബാടും ഇവ എത്തിച്ചേരുമെന്നും വിദഗദ്ധര്‍ പറയുന്നു.
ആല്‍ഫയേക്കാള്‍ വ്യാപനശേഷി
2020 അവസാനം ബ്രിട്ടനില്‍ കണ്ടെത്തിയ,ഉയര്‍ന്ന രോഗവ്യാപനശേഷിയുള്ള ആല്‍ഫാ വകഭേദ ( B.1.1.7 ) ത്തേക്കാള്‍ 60 ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളവയാണ് ഡെല്‍റ്റ. വാക്സിനെ മിതമായ നിരക്കിലാണെങ്കിലും ഇവ മറികടക്കും. പ്രത്യേകിച്ച്‌ ഒറ്റ ഡോസ് മാത്രം സ്വീകരിച്ചവരില്‍ ഇവ രോഗബാധയുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഫൈസര്‍ അല്ലെങ്കില്‍ അസ്ട്രാസെനെക്കയുടെ ഒരു ഡോസ് സ്വീകരിച്ചവരില്‍ ആല്‍ഫാ മൂലം കൊവിഡ് ലക്ഷണങ്ങള്‍ വരാനുള്ള സാദ്ധ്യത പകുതിയോളം കുറഞ്ഞപ്പോള്‍ ഡെല്‍റ്റ മൂലമുള്ള സാദ്ധ്യത മൂന്നിലൊന്നു മാത്രമാണ് കുറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഡെല്‍റ്റ രോഗബാധയുണ്ടായവരില്‍ ആശുപത്രിവാസത്തിനുള്ള സാദ്ധ്യത ആല്‍ഫാ ബാധിച്ചവരേക്കാള്‍ രണ്ടിരട്ടിയിലധികമാണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.
ആശ്വാസത്തിനും വകയുണ്ട്
വാക്സിനേഷനിലും, വൈറസുകളുടെ ജനിതക നിരീക്ഷണ പര്യവേക്ഷണത്തിലും മുന്‍പന്തിയിലുള്ള യൂറോപ്പിലെ രാജ്യങ്ങള്‍ പുതിയ തരംഗത്തിന്റെ ശക്തിയും വ്യാപ്തിയും കുറയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മികച്ച വാക്സിന്‍ സ്റ്റോക്കും മെച്ചപ്പെട്ട വാക്സിനേഷന്‍ നിരക്കുമുള്ള രാജ്യങ്ങള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന പഠനഫലങ്ങളുണ്ട്. ആശുപത്രിയിലാകാനുള്ള സാദ്ധ്യത ഒരു ഡോസ് വാക്സിനെടുത്തവരില്‍ 75 ശതമാനവും പൂര്‍ണമായി വാക്സിന്‍ സ്വീകരിച്ചവരില്‍ 94 ശതമാനവും വാക്സിന്‍ സ്വീകരിക്കാത്തവരേക്കാള്‍ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അമേരിക്കയുടെ മദ്ധ്യപശ്ചിമ, തെക്കുകിഴക്കന്‍ മേഖലകളിലും ഡെല്‍റ്റാ കൂടിവരുന്നുണ്ട്.