സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ജൂൺ 24 വ്യാഴാഴ്ച മണ്ഡലാടിസ്ഥാനത്തിൽ ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു.

വന മാഫിയയും ഉദ്യോഗസ്ഥന്മാരും സിപിഎമ്മും സിപിഐയും ഉൾപ്പെട്ട സംഘമാണ് ഈ അഴിമതിക്ക് പിന്നിലുള്ളത്. വനംകൊള്ളയ്ക്ക് കൂട്ടുനിന്ന റവന്യൂ,ഫോറസ്റ്റ് വകുപ്പുകളിലെ മുൻ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഉള്ള പങ്കിനെക്കുറിച്ച് കുറിച്ച് അന്വേഷിച്ചാൽ മാത്രമേ ഈ വനംകൊള്ളയുടെ ചുരുളുകൾ അഴിയുകയുള്ളു. മുട്ടിൽ മരംമുറിയുടെ പേരിൽ ഒരു വില്ലേജ് ഓഫീസറെ മാത്രം സസ്പെൻഡ് ചെയ്തു മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. -എം എം ഹസൻ പറഞ്ഞു.

കർഷകർക്കും ആദിവാസികൾക്കും വേണ്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ നടന്ന വനം കൊള്ളയെ മുഖ്യമന്ത്രി ഗൗരവമായി കാണുന്നില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലോക്ക്ഡൗണിന്റെ മറവിൽ നടന്ന മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അതിനെതിരെ ശക്തമായ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. അതിന്റെ തുടക്കമാണ് ജൂൺ 24 ലെ ധർണയെന്നും ഹസൻ പറഞ്ഞു