ഡല്‍ഹി: കോവാക്‌സിനില്‍ പശുവിന്റെ സെറം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. കോവാക്‌സിനില്‍ അടങ്ങിയിരിക്കുന്ന ഘടകപദാര്‍ത്ഥങ്ങളില്‍ ഇത് ഉള്‍പ്പെടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

കോവാക്‌സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടുണ്ട് എന്ന് വിവരാവകാശ രേഖയില്‍ പറയുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.

കോവാക്‌സിനില്‍ പശുവിന്റെ സെറം അടങ്ങിയിട്ടുണ്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഇത് തെറ്റാണെന്നും വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു.

കോശങ്ങളുടെ കള്‍ച്ചറിന് ഉപയോഗിക്കുന്ന വെറോ സെല്ലുകളുടെ നിര്‍മ്മിതിക്കും വളര്‍ച്ചയ്ക്കുമാണ് പ്രധാനമായും ചത്ത പശുക്കുട്ടിയുടെ സെറം ഉപയോഗിക്കുന്നത്. ദശാബ്ദങ്ങളായി ഈ രീതി ഉപയോഗിക്കുന്നുണ്ട്.

പോളിയോ, പേപ്പട്ടി വിഷബാധ, തുടങ്ങിയവയെ പ്രതിരോധിക്കാന്‍ വികസിപ്പിക്കുന്ന വാക്‌സിനുകളില്‍ ഈ രീതി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോവാക്‌സിനില്‍ ഇത് ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ആഗോളതലത്തില്‍ വെറോ സെല്ലിന്റെ വളര്‍ച്ചയ്ക്ക് മൃഗങ്ങളുടെ സെറം ഉപയോഗിക്കാറുണ്ട്.

വെറോ സെല്ലുകളില്‍ കൊറോണ വൈറസിനെ ഉപയോഗിച്ച്‌ അണുബാധയേല്‍പ്പിക്കുന്നതാണ് വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം. വൈറസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രക്രിയ. ഇതുവഴി വെറോ സെല്ലുകള്‍ പൂര്‍ണമായി നശിക്കുന്നു.

ഇത്തരം പ്രക്രിയയിലൂടെ വികസിപ്പിച്ചെടുക്കുന്ന വൈറസുകളെ പൂര്‍ണമായി കൊല്ലുന്നതാണ് അടുത്ത പടി. ഇവയെയാണ് വാക്‌സിന്‍ നിര്‍മ്മാണത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കോവാക്‌സിന്റെ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ പശുവിന്റെ സെറം ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.