ഡാലസ് ∙ ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകലോകം സഹൃദയ വേദി ഓഫ് നോർത്ത് ടെക്സസിന്റെ (ESNT) ആഭിമുഖ്യത്തിൽ ‘സിദ്ധ മുദ്ര’യെ കുറിച്ച് ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 26 ശനിയാഴ്ച വൈകുന്നേരം 7.30ന് ഡോ. സാലൈ ജയ കൽപന നയിക്കുന്ന ഈ സെമിനാറിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വൈവിധ്യപൂർണമായ പാരമ്പര്യ വൈദ്യ രീതികൾ കൊണ്ട് സമ്പുഷ്ടമാണ് ഭാരതം. ആയുർവേദം പോലെ തന്നെ പ്രശസ്തമായതാണ് സിദ്ധ വൈദ്യം. ആ സിദ്ധ വൈദ്യത്തിൽ അധിഷ്ഠിതമായി രൂപം കൊണ്ടതാണ് സിദ്ധ മുദ്ര എന്ന ചികിത്സ സമ്പ്രദായം. വളരെ ലളിതമായ കൈ മുദ്രകൾ കൊണ്ട് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യപ്രദമായ ശരീരവും മനസും കൈവരിക്കുവാനും ഈ ചികിത്സ സമ്പ്രദായം കൊണ്ട് സാധിക്കുമെന്നു സിദ്ധ വൈദ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.

ഒരു പക്ഷേ, വടക്കേ അമേരിക്കയിലെ പ്രവാസി സമൂഹത്തിനു അത്ര പരിചിതമല്ലാത്ത ഈ ചികിത്സ സമ്പ്രദായത്തെ കൂടുതൽ മനസിലാക്കാനും അത് പരിശീലിക്കാനും ഉള്ള ഒരു അവസരം ആണ് ESNT ഒരുക്കുന്നത്.

ഈ ചികിത്സ സമ്പ്രദായം ജനകീയമാക്കാൻ സ്വ ജീവിതം ഉഴിഞ്ഞു വെച്ചിട്ടുള്ള വ്യക്തിത്വമാണ് ഡോ. സാലൈ ജയ കൽപനയുടേത്. കഴിഞ്ഞ പതിനാറു വർഷമായി സിദ്ധ മുദ്രയും നാഡി ചികിത്സയും പ്രാക്ടീസ് ചെയ്യുന്ന പ്രഗത്ഭയായ ഡോക്ടറാണ് സാലൈ ജയ കൽപന.

സെമിനാറിൽ പങ്കെടുക്കുവാൻ https://tinyurl.com/ESNT-Sidha എന്ന വെബ്-സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 650-382-2365 | Email: education@ekalokam.org.