തിരുവനന്തപുരം: അങ്കമാലി വില്ലേജ്‌ ഓഫ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായികാധ്യാപിക പ്രിയങ്ക ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവും നടനുമായ ഉണ്ണി രാജന്‍ പി. ദേവിന്‌ ജാമ്യം. ഇരുപത്തയ്യായിരം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യ തുകയ്‌ക്കുള്ള രണ്ടാള്‍ ജാമ്യത്തിലുമാണ്‌ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതി ജാമ്യം അനുവദിച്ചത്‌.
ജയില്‍ മോചിതനാകുന്നതിന്റെ പിറ്റേന്ന്‌ ഉണ്ണിയുടെ മൊബെല്‍ ഫോണും സിം കാര്‍ഡും അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നില്‍ ഹാജരാകണം.
ഉണ്ണിയും പ്രിയങ്കയുമായുള്ള ഫോണ്‍ സംഭാഷണം റെക്കോഡ്‌ ചെയ്‌തിരുന്നു. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ ഫോറന്‍സിക്‌ ലാബില്‍ ശബ്‌ദ പരിശോധന നടത്താന്‍ 18-ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ നെടുമങ്ങാട്‌ ഡിവൈ.എസ്‌.പി. മുമ്ബാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും മുമ്ബ്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം. സാക്ഷികളെയോ കേസിന്റെ വസ്‌തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവുകള്‍ നശിപ്പിക്കാനോ പാടില്ലെന്നും ജാമ്യ ഉത്തരവില്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി പി. കൃഷ്‌ണകുമാര്‍ ചൂണ്ടിക്കാട്ടി.
ഉണ്ണിക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കില്ലെന്ന്‌ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേ കോടതി അഭിപ്രായപ്പെട്ടിരുന്നു. ആരോപിക്കുന്ന കുറ്റത്തിന്റെ കഴമ്ബോ അടിസ്‌ഥാനമോ ഇല്ലാതെ ഒരാളെ ഇരുമ്ബഴിക്കുള്ളിലടക്കാനാകില്ലെന്നു കോടതി പ്രോസിക്യൂഷനെ ഓര്‍മിപ്പിച്ചു. പണ സ്വാധീനവും ആള്‍ബലവുമുള്ള ഉണ്ണിക്ക്‌ അന്വേഷണം പ്രാരംഭ ഘട്ടത്തിലുള്ള വേളയില്‍ ജാമ്യം നല്‍കുന്നത്‌ സമൂഹത്തിന്‌ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിയും അന്തരിച്ച സിനിമാതാരം രാജന്‍. പി. ദേവന്റെ മകനുമാണ്‌ ഉണ്ണി.