കണ്ണൂരില്‍ കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്റേയും അമ്മയുടേയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാനച്ഛന്‍ രതീഷ്, അമ്മ രമ്യ എന്നിവരുടെ അറസ്റ്റാണ് കേളകം പൊലീസ് രേഖപ്പെടുത്തിയത്. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് പൊലീസ് നടപടി.

രതീഷിനും രമ്യക്കും എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്‌ക്കെതിരേ കേസ്. കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം നടന്നത്. രമ്യയുടെ ഒരു വയസുള്ള മകള്‍ അഞ്ജനയാണ് രതീഷിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരുക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. മൂന്നാഴ്ച മുന്‍പാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്.