പാലക്കാട്: സിപിഎം നേതാക്കള്‍ വധഭീഷണിമുഴക്കിയെന്ന ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ പരാതിയില്‍ പെ‍ാലീസ് കേസെടുത്തു. ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എംഎ നാസര്‍, പഞ്ചായത്ത് അംഗം നജീബ് എന്നിവര്‍ അടക്കം ഒമ്ബത് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ആലത്തൂര്‍ ടൗണില്‍വച്ച്‌ നാസറിന്റ നേതൃത്വത്തിലുള്ള സംഘം തന്നെ തടഞ്ഞു നിര്‍ത്തുകയും സ്ത്രീതത്വത്തെ അപമാനിക്കുന്നവിധം സംസാരിക്കുകയും വധഭീഷണിമുഴക്കുകയും ചെയ്തെന്ന് എംപി പരാതിയില്‍ പറഞ്ഞു. ഹരിതകര്‍മസേന അംഗങ്ങളെ കണ്ടു തിരിച്ചുപേ‍ാകാന്‍ നില്‍ക്കുമ്ബേ‍ാഴാണ് സംഭവമെന്നും എംപി പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് എംപി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. വധഭീഷണി മുഴക്കിയ അക്രമികള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അതേസമയം, എം.പിക്ക് റോഡില്‍ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

“സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് സി.പി.എമ്മുകാര്‍ ഭീഷണിപ്പെടുത്തിയത്. മണ്ഡലത്തില്‍ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്,” ചെന്നിത്തല പറഞ്ഞു.

“ആലത്തൂരില്‍ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണം. കേസില്‍ പോലീസ് നടപടി സ്വീകരിക്കണം,” ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.