വ്യാജ ആപ്പുകൾ നിർമ്മിച്ച് രാജ്യ വ്യാപകമായി കോടികളുടെ തട്ടിപ്പ് നടത്തിയ ഒൻപത് അംഗ സംഘം പിടിയിൽ. മലയാളിയായ അനസ് അഹമ്മദും, ടിബറ്റ്, ചൈന സ്വദേശികളടക്കം 9 പേരാണ് ബെംഗളൂരു പോലീസിന്റെ സൈബർ ക്രൈം വിഭാഗം പിടികൂടിയത്.

നിക്ഷേപങ്ങളിൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനവുമായി ആളുകളെ ആകർഷിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഓൺലൈനിലൂടെയും അഹമ്മദ് നിരവധി സാമ്പത്തിക പദ്ധതികൾ വാഗ്ദാനം ചെയ്തതായി കണ്ടെത്തി. റാക്കറ്റിലുള്ളവർ തുടക്കത്തിൽ ഒരു ചെറിയ തുക നൽകുകയും ഒരു പ്രധാന തുക ശേഖരിച്ചുകഴിഞ്ഞാൽ പേയ്‌മെന്റുകൾ നിർത്തുകയും ചെയ്യും. വഞ്ചനാപരമായി സ്വരൂപിച്ച ഫണ്ടുകൾ വഴിതിരിച്ചുവിടുന്നതിനായി അവർ ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു.

പ്രമുഖ പേയ്‌മെന്റ് ഗേറ്റ്‌വേ കമ്പനി പരാതി നൽകിയതിനെത്തുടർന്നാണ് തട്ടിപ്പിനെക്കുറിച്ച് പോലീസ് അന്വേഷിച്ചത്. ഗെയിമിങ്​, ഇ-കോമേഴ്​സ്​ ബിസിനസുകൾ​ നടത്തുന്നെന്ന പേരിൽ തങ്ങളെ സമീപിക്കുകയും പിന്നീട്​ ഇ-പേയ്​മെൻറ്​ സംവിധാനം ഉപയോഗപ്പെടുത്തി സംഘം തട്ടിപ്പ്​ നടത്തുകയും ചെയ്​തെന്നാണ്​ പരാതി.

പ്രാഥമിക അന്വേഷണത്തിന് ശേഷം പേയ്‌മെന്റുകൾ ശേഖരിക്കാൻ പ്രതികൾ ‘പവർബാങ്ക്’ എന്ന ഗൂഗിൾ പ്ലേസ്റ്റോർ ആപ്ലിക്കേഷൻ ഉപയോഗിച്ചതായി സി.ഐ.ഡി. അധികൃതർ കണ്ടെത്തി. ‘പവർബാങ്ക്’ ആപ്ലിക്കേഷനിലെ എല്ലാ നിക്ഷേപകരോടും ഉചിതമായ വിശദാംശങ്ങളുമായി സൈബർ ക്രൈം ഡിവിഷനെ സമീപിക്കാൻ സി.ഐ.ഡി, അറിയിപ്പ് നൽകി.

കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനസ് അഹമ്മദാണ് തട്ടിപ്പിന്‍റെ സൂത്രധാരനെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാൾക്ക് ചൈന കേന്ദ്രീകരിച്ചുള്ള ഹവാല റാക്കറ്റുമായി നേരിട്ടു ബന്ധമുണ്ട്. ചൈനയില്‍ പഠിച്ച് ചൈനീസ് സ്വദേശിനിയെ ഇയാൾ വിവാഹം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.