പാലക്കാട്: മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നെന്മാറ അയിലൂരില്‍ പത്ത് വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ഒറ്റമുറിയില്‍ യുവതി ഒളിവില്‍ കഴിഞ്ഞ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു.കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.സംഭവത്തില്‍ നെന്മാറ സിഐയോട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

അയിലൂര്‍ സ്വദേശി റഹ്മാന്റെ വീട്ടില്‍ കാമുകിയും അയല്‍വാസിയുമായ സജിത റഹ്മാനൊപ്പം ഒളിവില്‍ കഴിഞ്ഞ സംഭവം ജൂണ്‍ ഏഴിനാണ് പുറം ലോകം അറിയുന്നത്. ഇങ്ങനെ കഴിഞ്ഞതില്‍ എന്തെങ്കിലും തരത്തില്‍ ഭീഷണിയോ സമ്മര്‍ദ്ദമോ ഉണ്ടായിരുന്നോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വനിതാ കമ്മീഷന്‍ പരിശോധിയ്ക്കും.
യുവതിക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധന നടത്തണമെന്നും കൗണ്‍സലിംഗ് നല്‍കണമെന്നും കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. അടുത്ത ദിവസം യുവതിയെ നേരില്‍കണ്ട് മൊഴിയെടുക്കുമെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിയ്ക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.