ന്യൂയോർക്ക്: കെ.പി.സി.സി. അധ്യക്ഷനായി നിയമിതനായ കെ. സുധാകരൻ എം.പി ക്ക് ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്റർ അനുമോദനം അറിയിച്ചു. കേരളത്തിലെ കോൺഗ്രസിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് ശരിയായ ദിശാബോധം നൽകാൻ  കെ. സുധാകരനു കഴിയുമെന്ന് ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് അനുമോദന സന്ദേശത്തിൽ പറഞ്ഞു. ഗ്രൂപ്പുകൾക്കതീതമായി കെ. സുധകാരനെന്ന ധീരനായ നേതാവിനെ കെ.പി.സി.സി. സ്ഥാനത്തേക്ക് കൊണ്ടുവരാൻ തയാറായ കോൺഗ്രസ് ഹൈക്കമാണ്ടിനെയും അഭിനന്ദിക്കുന്നതായും ലീല മാരേട്ട് അറിയിച്ചു.

 
കെ.സുധാകരനെന്ന ധീരനായ നേതാവ് സംസ്ഥാന കോൺഗ്രസിന്റെ നേതൃത്വത്തിൽ എത്തണമെന്നത് കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാ പ്രവർത്തകരുടെയും അഭിലാഷമായിരുന്നുവെന്നും ലീല മാരേട്ട് പറഞ്ഞു. ഗ്രൂപ്പ് സമവായങ്ങൾ മൂലം കോൺഗ്രസ് തുടർച്ചയായി തകർന്നടിയുന്ന കാഴ്ചയാണ് അടുത്തകാലത്തായി നാം കണ്ടുവരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിനു കാരണം കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരം മൂലമായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആ പരാജയത്തിൽ നിന്നും പാഠമുൾക്കൊള്ളാതെ നിയമ സഭ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് തർക്കങ്ങളുമായി നേതാക്കന്മാർ  മുന്നോട്ടുപോയി സ്ഥാനാർഥി പട്ടിക അനന്തമായി വൈകിപ്പിക്കുകയായിരുന്നു.  തെരെഞ്ഞെടുപ്പ് സമയത്ത് ഗ്രൂപ്പുകൾ തമ്മിലുള്ള വിഭാഗീയത ഉടലെടുക്കുകയും പ്രവർത്തനം നിർജീവമാവുകയും ചെയ്‌തതാണ്‌ നിയമ സഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രെസ്സിനേറ്റ കനത്ത പരാജയത്തിന് കാരണം.
 
കെ. സുധാകരനെ കെ.പി..സി.സി പ്രസിഡണ്ട് ആക്കണമെന്ന പൊതുവികാരം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ  തോൽവിയുണ്ടായപ്പോൾ മുതൽ ഉയർന്നുവന്നതാണ്.  നിയമ സഭ തെരെഞ്ഞെടുപ്പിനു തൊട്ടു മുൻപെങ്കിലും ഈ തീരുമാനം കൊണ്ടുവന്നിരുന്നെങ്കിൽ തെരെഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. പക്ഷെ ഗ്രൂപ്പുകൾ തമ്മിലുള്ള വിലപേശലുമായി നേതാക്കൾ തമ്മിലടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.   ഗ്രൂപ്പുകൾ ചില നേതാക്കന്മാരുടെ അധികാര കേന്ദ്രീകരണത്തിനു വേണ്ടി വളം വയ്ക്കാൻ മാത്രമുള്ളതാണ്. കോൺഗ്രസ് പാർട്ടിയെ സ്നേഹിക്കുന്ന സാധരണ പ്രവർത്തകർ എന്നും ഗ്രൂപ്പുകൾക്ക് എതിരാണ്. ഗ്രൂപ്പുകൾ കോൺഗ്രസിന് എന്നും വിനാശം മാത്രമേ വരുത്തിട്ടുള്ളു. – ലീല മാരേട്ട് ചൂണ്ടിക്കാട്ടി.
 
പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ മികച്ച പ്രകടനം ആരംഭിച്ചു കഴിഞ്ഞു. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയിൽ കെ.സുധാകരൻ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഒത്തൊരുമിച്ചു കോർത്തിണക്കി മികച്ച പ്രവർത്തനം കാഴ്ച്ച വച്ചാൽ കോൺഗ്രസിന്റെ നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്നും ലീല മാരേട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.  സുധാകരനും സതീശനും അതിനു കഴിയുമെന്നാണ് മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും വിശ്വാസം. ഇരുവരുടെയും പ്രവർത്തനങ്ങൾക്കും നേതൃത്വത്തിനും ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്ററിന്റെ പിന്തുണയുണ്ടാകുമെന്ന് ലീല മാരേട്ട് അറിയിച്ചു.