ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം തമിഴ്നാട്ടില്‍ 18,023 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 409 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

കര്‍ണാടകയില്‍ 9808 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്,179 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 10,891 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 295 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട്‌ ചെയ്തു. മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 95.35% മായി ഉയര്‍ന്നു.

ദില്ലിയില്‍ 316 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്. ഇതോടെ ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.44% മായി കുറഞ്ഞു.അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 94.3% മായി ഉയര്‍ന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത മെയ്‌ 7 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ രാജ്യത്തെ പ്രതിദിന കേസുകള്‍ 79% മായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച്ച മാത്രം കൊവിഡ് കേസുകളില്‍ 33% കുറവാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

രാജ്യത്തെ 322 ജില്ലകളില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ കുത്തനെ കുറയുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ ലോക്ക്ഡൌണ്‍ ജൂണ്‍ 18 വരെ നീട്ടി.