രാജ്യത്തിന്റെ അഭിമാനമായ ദീര്‍ഘദൂര ഓട്ടക്കാരിയാണ് പി യു ചിത്ര. പാലക്കാട് മുണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മുറ്റത്തുനിന്ന് ചിത്ര ഓടിക്കയറിയത് മലയാളി കായികപ്രേമികളുടെ മനസ്സിലേീക്കുകൂടിയാണ്. കോവിഡ് കാലത്തെ അനുഭവങ്ങള്‍ ചിത്ര പങ്കുവയ്ക്കുന്നു.

ബംഗളൂരുവിലെ ഇന്ത്യന്‍ അത്ലറ്റിക് ക്യാമ്പിലാണ് ഉള്ളത്. ക്യാമ്പില്‍ തന്നെ കഴിയുന്നതിനാല്‍ പരിശീലനം നടത്താന്‍ ബുദ്ധിമുട്ടില്ല. ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള കഠിന പരിശ്രമത്തിലാണ്. കോവിഡ് കാരണം പ്രധാനപ്പെട്ട കുറേ മത്സരങ്ങള്‍ നഷ്ടമായി. 25 മുതല്‍ പട്യാലയില്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക് മീറ്റ് നടക്കുന്നുണ്ട്. ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസാന അവസരമാണ്. 1500 മീറ്ററില്‍ 4.04 മിനിറ്റാണ് യോഗ്യതാ സമയം. 4.11 ആണ് എന്റെ മികച്ച സമയം. നല്ല മത്സരം ഉണ്ടായാല്‍ യോഗ്യത നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ആരൊക്കെ മത്സരിക്കാന്‍ എത്തുമെന്ന കാര്യം ഉറപ്പില്ല.

ഒന്നാം കോവിഡ് തരംഗത്തിന്റെ കാലത്ത് പട്യാലയിലെ ക്യാമ്പിലായിരുന്നു. അന്ന് രണ്ട് മാസം പൂര്‍ണമായും ലോക്ക്ഡൗണായി. പരിശീലനം മുടങ്ങി. ഫിറ്റ്നസ് നിലനിര്‍ത്താനുള്ള വ്യായാമം മുറിയിലായിരുന്നു. പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നെയുള്ള ആശ്വാസം എല്ലാവരും ഒരുമിച്ചിരുന്ന് കഥ പറയുന്നതാണ്. ചിലര്‍ പാചക പരീക്ഷണങ്ങള്‍ നടത്തും. വി കെ വിസ്മയ, വി കെ ശാലിനി, മരീന അടക്കമുള്ള മലയാളി താരങ്ങളെല്ലാം അന്ന് അവിടെയുണ്ടായിരുന്നു.

എട്ട് മാസം മുമ്പാണ് നാട്ടില്‍ വന്നത്. ഏഴ് മാസമായി ബംഗളൂരുവിലെ ദേശീയ ക്യാമ്പിലാണ്. രേണു കോലിയാണ് പരിശീലക. രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകിട്ട് 4.30 മുതല്‍ ആറ് വരെയുമാണ് പരിശീലനം. ഇവിടെ ഹോസ്റ്റലും ഭക്ഷണവും എല്ലാം സ്റ്റേഡിയത്തിനുള്ളില്‍ തന്നെയായതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല.