ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകൡ കുറഞ്ഞു വരുന്നു. 487 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടര മാസത്തെ ഏറ്റവും കപുറഞ്ഞ പ്രതിദിന കണക്കാണിത്. 45 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനമായി കുറഞ്ഞെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 11ന് ശേഷം ആദ്യമായാണ് മരണനിരക്ക് 50ന് താഴെ വരുന്നത്.

അതേസമയം ഉയര്‍ന്ന നിരക്കിലുള്ള കോവിഡ് പോസിറ്റിവിറ്റി, മരണനിരക്കുകള്‍ കാരണം കര്‍ണാടകയില്‍ ലോക്ഡൗണ്‍ നീട്ടി. ലോക്ക്ഡൗണ്‍ ഈ മാസം 14വരെയാണ് നീട്ടിയത്. മെയ് 10നാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അത് പിന്നീട് രണ്ട് തവണ നീട്ടി. 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.

”ആരോഗ്യം, ജീവിതം, ഉപജീവനമാര്‍ഗം എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണന. ഇത് മനസില്‍ വച്ചുകൊണ്ട്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെയാകുക, പ്രതിദിന കേസുകള്‍ അയ്യായിരത്തില്‍ താഴെയാവുക, കേസ് മരണനിരക്ക് (സിഎഫ്‌ആര്‍) ഒരു ശതമാനത്തില്‍ താഴെയാവുക എന്നിവ നേടും വരെ ലോക്ക്ഡൗണ്‍ തുടരുകയെന്നതാണ് മാര്‍ഗം,”സാങ്കേതിക ഉപദേശക സമിതി തലവനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. എം.കെ.സുദര്‍ശന്‍ പറഞ്ഞു.

പ്രതിദിന കേസുകളുടെ എണ്ണം മേയ് തുടക്കത്തിലുണ്ടായിരുന്ന അന്‍പതിനായിരത്തില്‍നിന്ന് 15,000 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആകെയുള്ള 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിനു മുകളിലാണ്. 10 ജില്ലകളില്‍ ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതലുണ്ട്. ഏഴു ദിവസത്തെ സംസ്ഥാന ശരാശരി ടിപിആര്‍ 14 ശതമാനമാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. മേയ് 31 ന് 3.24 ശതമാനമായിരുന്നു കര്‍ണാടകയിലെ സിഎഫ്‌ആര്‍. 18 ജില്ലകളില്‍ സിഎഫ്‌ആര്‍ ഒരു ശതമാനത്തിനു മുകളിലായിരുന്നു.ലോക്ക്ഡൗണില്‍ വേഗത്തില്‍ ഇളവ് നല്‍കുന്നതില്‍ കര്‍ണാടക അതിജാഗ്രത പുലര്‍ത്തുന്നതിന്റെ ഒരു കാരണമിതാണ്. ഉയര്‍ന്ന ടിപിആര്‍ ഉള്ള മൈസൂര്‍, ഹാസന്‍, തുംകൂര്‍ തുടങ്ങിയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നു ഡോ. സുദര്‍ശന്‍ ശുപാര്‍ശ ചെയ്തു. ഓക്സിജന്‍ കിടക്കകള്‍ 60 ശതമാനത്തിലേറെ നിറഞ്ഞതോ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ളതോ ആയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ കര്‍ണാടക കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.