ന്യൂഡല്‍ഹി: മാനുഷികത മറന്നുള്ള തെറ്റായ കോവിഡ് പ്രോട്ടോക്കോളുകളില്‍ ഉടന്‍ മാറ്റം വേണമെന്ന് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് സംഘടിപ്പിച്ച ലോകമെങ്ങുമുള്ള മലയാളി മാധ്യമപ്രവര്‍ത്തകരുടെ സമ്മേളനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട്് ആവശ്യപ്പെട്ടു. ഒരു കുടുംബത്തിലുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴും മരിച്ച കുടുംബനാഥനെ കാണാന്‍ പോലും ഭാര്യയെയും മകനെയും അനുവദിക്കാതിരുന്ന കോവിഡ് പ്രോട്ടോക്കോളിന്റെ പേരിലുള്ള ക്രൂരത അംഗീകരിക്കാനാകില്ലെന്നു യോഗം ചൂണ്ടിക്കാട്ടി.
കോവിഡ് മൂലം മരിച്ച മലയാളി പത്രപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കും ചികില്‍സയില്‍ കഴിയുന്നവര്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മരിച്ച പത്രപ്രവര്‍ത്തകരുടെ കുടുംബത്തിന് 15 ലക്ഷം രൂപ വീതവും ചികില്‍സയിലുള്ളവര്‍ക്കു രണ്ടു ലക്ഷം രൂപ വരെയും സഹായം നല്‍കുന്ന ഒഡീഷ സര്‍ക്കാരിന്റെ നടപടി കേരള സര്‍ക്കാര്‍ മാതൃകയാക്കണമെന്നും മുതിര്‍ന്ന പത്രപ്രവര്‍ത്തരുടെ യോഗം നിര്‍ദേശിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പോലീസുകാര്‍ എന്നിവരെപ്പോലെ കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും മുഴുസമയ സേവനം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കുള്ള പരിഗണനകള്‍ നല്‍കണമെന്നും ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോവിഡില്‍ ജീവന്‍ നഷ്ടമായ പ്രമുഖ പത്രപ്രവര്‍ത്തകരായിരുന്ന ഡി. വിജയമോഹന്‍ (സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മലയാള മനോരമ, ന്യൂഡല്‍ഹി), സന്തോഷ് കുമാര്‍ (അസിസ്റ്റന്റ് എഡിറ്റര്‍ ഗള്‍ഫ് ന്യൂസ്, ദുബായി), വിപിന്‍ ചന്ദ് (ചീഫ് റിപ്പോര്‍ട്ടര്‍ മാതൃഭൂമി ന്യൂസ്, എറണാകുളം), അന്‍സിഫ് അഷ്റഫ് (ചീഫ് എഡിറ്റര്‍ കൊച്ചിന്‍ ഹെറാള്‍ഡ്, എറണാകുളം) തുടങ്ങിയവര്‍ക്ക് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ വീഡിയോ കോണ്‍ഫറന്‍സ് യോഗം ആദരാജ്ഞലി അര്‍പ്പിച്ചു. കോവിഡു മൂലം ഇന്ത്യയിലും വിദേശത്തും മരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും യോഗം അശ്രുപൂജ അര്‍പ്പിച്ചു.
പ്രത്യേക പരിഗണന ഒരിക്കലും ആവശ്യപ്പെടാത്തവരാണെങ്കിലും ലോക്ക്ഡൗണ്‍ ആണെങ്കിലും അല്ലെങ്കിലും ജനങ്ങളെ ജാഗ്രതയിലാക്കുന്നതില്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെയാണ് മുന്‍നിര പോരാളികളായി ആദ്യം അംഗീകരിക്കേണ്ടതെന്നു യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന രാജ്യസഭാ നിയുക്ത എംപിയും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധികളെയും രോഗസാധ്യതകള്‍ പോലും അവഗണിച്ച് എല്ലാ ദുരന്തമുഖങ്ങളിലും നേരിട്ടെത്തി ജനങ്ങളിലേക്ക് ഏറ്റവും വിലയേറിയ വിവരമെത്തിക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്നും അവര്‍ക്കു വേണ്ട സംരക്ഷണവും സുരക്ഷയും സഹായവും നല്‍കേണ്ടതുണ്ടെന്നു ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
കോവിഡില്‍ മാത്രം ഇന്ത്യയില്‍ 346 മാധ്യമപ്രവര്‍ത്തകര്‍ മരിച്ചതായി സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് ആഗോള പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍ പറഞ്ഞു. യുദ്ധത്തേക്കാള്‍ കൂടുതല്‍ ഭീകര ദുരന്തം വിതച്ച കോവിഡിന്റെ നടുവില്‍ പ്രധാനപ്പെട്ട ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആ രീതിയിലുള്ള പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു മാതൃഭൂമി ന്യൂഡല്‍ഹി സ്പെഷല്‍ റെപ്രസന്റേറ്റീവ് എന്‍. അശോകന്‍, പ്രമുഖ കോളമിസ്റ്റായ കെ.പി. നായര്‍, മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം എന്നിവര്‍ ചൂണ്ടിക്കാട്ടി.
സോമന്‍ ബേബി, ആര്‍. ഗോപീകൃഷ്ണന്‍, ജെ. ഗോപീകൃഷ്ണന്‍, ടോമി വട്ടവനാല്‍, ഷിബു ഉസ്മാന്‍, താര ചേറ്റൂര്‍ മേനോന്‍, സുധീര്‍നാഥ്, രാജാറാം, ചിത്ര കെ. മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജിഎംപിസി വൈസ് പ്രസിഡന്റ് സജീവ് കെ. പീറ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ സ്വാഗതവും ട്രഷറന്‍ ഉബൈദ് ഇടവണ്ണ നന്ദിയും പറഞ്ഞു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ്, ദക്ഷിണേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലുള്ള നൂറിലേറെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.