കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും. പണം വന്നത് ബി ജെ പി നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതേ തുടര്‍ന്നാണ് സുരേന്ദ്രന്‍റെ മൊഴിയെടുക്കുന്നത്.

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രന്‍റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ബി ജെ പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ ജി കര്‍ത്ത പണം വന്നത് ആര്‍ക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നല്‍കിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അദ്ധ്യക്ഷന്‍റെ മൊഴി എടുക്കുന്നത്.
സുരേന്ദ്രന്‍റെ മൊഴി എടുക്കും മുമ്ബ് ബി ജെ പിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തും. കേസുമായി ബന്ധപ്പെട്ട് പല ബി ജെ പി നേതാക്കളെയും പൊലീസ് ചോദ്യം ചെയ്‌തിട്ടുണ്ട്. എന്നാല്‍ പല നേതാക്കളുടെയും മൊഴി പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തല്‍. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.